ജസ്‌നയുടെ തിരോധാനം; പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം

കാഞ്ഞിരപ്പള്ളി: ജസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നു. ജസ്‌ന ജീവിച്ചിരിക്കുന്നുവെന്ന വിവരം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും മറ്റൊരു കാര്യവും അറിയില്ലെന്നും ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നതിന് മുന്നോടിയായി ബിഷപ് എമിരിത്തുസ് മാര്‍ മാത്യു അറയ്ക്കലുമായി പെണ്‍കുട്ടിയുടെ പിതാവ് കൂടിക്കാഴ്ച നടത്തി.

അടുത്ത ദിവസം തന്നെ പ്രധാനമന്ത്രിക്ക് നിവോദനം നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. പത്തനംതിട്ട മുന്‍ എസ്പി കെ.ജി.സൈമണ്‍ വിരമിക്കുന്നതിന് മുന്നോടിയായി ജസ്‌ന കേസില്‍ നിര്‍ണായക വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 31-നാണ് അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചത്. മുന്‍ എസ്പി ഇക്കാര്യം വ്യക്തമാക്കി 20 ദിവസത്തിന് ശേഷവും പോലീസ് പുതിയ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഇതോടെയാണ് കുടുംബം കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടുന്നത്.

ജസ്‌ന തിരോധാനത്തില്‍ അന്വേഷണം നടത്തുന്ന പോലീസ് കേസിന്റെ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ വിശദീകരണം. ജസ്‌നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് പോലീസ് ഇതുവരെ ചെയ്തത്. അന്വേഷണ പുരോഗതിയെക്കുറിച്ച് പോലീസ് വിവരങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്നും കുടുംബത്തിന് പരാതിയുണ്ട്.

2018 മാര്‍ച്ച് 20-നാണ് ജസ്‌നയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. എരുമേലിക്ക് സമീപം മുക്കൂട്ടുതറയിലെ സ്വന്തം വസതിയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോകാനിറങ്ങിയ ജസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കാലമിത്രയും അന്വേഷിച്ചിട്ടും പെണ്‍കുട്ടിയെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം ജസ്‌നയെ സംബന്ധിച്ച് നിരവധി കഥകള്‍ പ്രചരിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News