NationalNews

ആന്ധ്രയിൽ ജഗൻ വീഴും, എൻഡിഎയ്ക്ക് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ

ന്യൂഡൽഹി: ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് വൻ വിജയം പ്രവചിച്ച് ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ആകെയുള്ള 175 സീറ്റുകളിൽ എൻഡിഎ 98 മുതൽ 120 സീറ്റുകളിൽ വരെ വിജയിച്ചേക്കാമെന്ന് എക്സിറ്റ് പോൾ പ്രവചിക്കുന്നു. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് 55 മുതൽ 77 വരെ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന് പൂജ്യം മുതൽ രണ്ട് സീറ്റ് വരെയാണ് പ്രവചിക്കുന്നത്.

ബിജെപിക്കു പുറമേ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി), പവൻ കല്യാണിൻ്റെ ജനസേന പാർട്ടി (ജെഎസ്പി) എന്നീ കക്ഷികളാണ് ആന്ധ്രയിലെ എൻഡിഎയിലുള്ളത്. ടിഡിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. 78 മുതൽ 96 സീറ്റുകൾ വരെ ടിഡിപിക്ക് ലഭിച്ചേക്കുമെന്നാണ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. ബിജെപിക്ക് നാലുമുതൽ ആറു സീറ്റുകൾ വരെയും ജനസേന പാർട്ടിക്ക് 16 മുതൽ 18 സീറ്റുകൾ വരെയും ലഭിച്ചേക്കുമെന്നും ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിച്ചു.

മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് 55 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. വൈഎസ്ആർ കോൺഗ്രസ് തരംഗം ആഞ്ഞടിച്ച 2019ൽ പാർട്ടി 151 സീറ്റുകളിൽ വിജയിച്ചായിരുന്നു ഭരണം പിടിച്ചത്. അതേസമയം ഇന്ത്യ സഖ്യത്തിന് പരമാവധി രണ്ടു സീറ്റുകൾ ലഭിച്ചേക്കാമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. സംസ്ഥാനത്തെ 159 സീറ്റുകളിൽ കോൺഗ്രസും എട്ടുവീതം സീറ്റുകളിൽ സിപിഐയും സിപിഎമ്മും ആയിരുന്നു ഇന്ത്യ സഖ്യത്തിനായി മത്സരിച്ചിരുന്നത്.

എൻഡിഎയുടെ വോട്ട് ശതമാനം അഞ്ച് ശതമാനം ഉയർന്ന് 51ലേക്ക് എത്തുമെന്നും ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിച്ചു. വൈഎസ്ആർ കോൺഗ്രസിൻ്റെ വോട്ടിൽ ആറ് ശതമാനം കുറവുണ്ടായി 44ലേക്ക് താഴുമെന്നും പ്രവചനമുണ്ട്. ഇന്ത്യ സഖ്യത്തിന് രണ്ട് ശതമാനവും മറ്റുള്ളവർക്ക് മൂന്നു ശതമാനവും വോട്ട് ഷെയർ പ്രവചിക്കുന്നുണ്ട്.

ഒഡീഷയിൽ ബിജെപിയും ബിജു ജനതാ ദളും (ബിജെഡി) തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നതെന്ന് ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. 147 അംഗ നിയമസഭയിൽ ബിജെപിക്കും ബിജെഡിക്കും 62 മുതൽ 80 സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജെപിക്കായിരിക്കും നേരിയ മേൽക്കൈ എന്നും സർവേ പ്രവചിക്കുന്നു. 2019ൽ 112 സീറ്റുകളിലായിരുന്നു ബിജെഡി വിജയിച്ചിരുന്നത്. ബിജെപിക്ക് 23 സീറ്റുകളായിരുന്നു ലഭിച്ചത്. കോൺഗ്രസ് ഒൻപതിടത്തും വിജയിച്ചിരുന്നു.

ബിജെപിക്കും ബിജെഡിക്കും 42 ശതമാനം വോട്ട് ഷെയർ ആണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. കോൺഗ്രസിന് 12ഉം മറ്റുള്ളവർക്ക് നാലും വോട്ട് ശതമാനം എക്സിറ്റ് പോൾ പ്രവചിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button