KeralaNews

കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി; നഷ്ടപരിഹാര തുകയായ പത്തു കോടി കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ സ്വീകരിക്കും

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി. ഇറ്റലി കൈമാറിയ പത്ത് കോടി രൂപ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ സ്വീകരിക്കും. ധനവിതരണത്തിനായി ഹൈക്കോടതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തി. നഷ്ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇറ്റലി നഷ്ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍ കണ്ടാലേ കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കൂവെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇറ്റലി നഷ്ടപരിഹാര തുക കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്. ഈ തുക ഏപ്രില്‍ 26-ന് സുപ്രീം കോടതി രജിസ്ട്രിയുടെ യു.കോ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചിരുന്നു. ഇറ്റലി നല്‍കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാര തുക സ്വീകരിക്കാം എന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം നേരത്തേ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെന്റ്. ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരമായി ലഭിക്കും. 2012 ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ നാവികരായ ലാത്തോറെ മാസി മിലിയാനോ, സാല്‍വതോറെ ജിറോണ്‍ എന്നിവരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്.

ബോട്ടിലുണ്ടായിരുന്നവര്‍ ആയുധധാരികളല്ലെന്ന് കപ്പലിലെ നിരീക്ഷകന്‍ ജെയിംസ് മാന്റ്ലി സാംസണ്‍ കേരള പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരെ കേരള പോലീസ് അറസ്റ്റ് ചെയ്യുകയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

അതേസമയം കേരള ഹൈക്കോടതിയില്‍ ഇതുസംബന്ധമായ വാദം നടക്കവെ ഇറ്റലി സുപ്രീം കോടതിയെ സമീപിച്ചു. സംഭവം നടന്നത് സംസ്ഥാനത്തിന്റെ അധികാര പരിധിക്കു പുറത്തായതിനാല്‍ കേസെടുക്കാന്‍ കേരള പോലീസിനോ, കേസു നടത്താന്‍ ഹൈക്കോടതിക്കോ അവകാശമില്ലെന്ന് സുപ്രീം കോടതി വിധിച്ചു.

ഈ മേഖലയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടങ്ങളും നടപ്പാക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനാണെന്നും സുപ്രീം കോടതി പറയുകയായിരുന്നു. പിന്നീട് കേസ് നടത്തിപ്പിന് ദല്‍ഹിയില്‍ പ്രത്യേക കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ ‘സുവ’ ആക്ട് പ്രകാരമാണ് ആദ്യം കേസെടുത്തത്. എന്നാല്‍ ഇറ്റലിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്ത്യ 2013ല്‍ തന്നെ ‘സുവ’ ഒഴിവാക്കി.

കേസില്‍ കക്ഷിചേര്‍ന്ന മരിച്ചവരുടെ ബന്ധുക്കളും ഇറ്റാലിയന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കിയതോടെ ബന്ധുക്കള്‍ കേസില്‍ നിന്നു പിന്‍വാങ്ങി. ഈ നടപടിയെ സുപ്രീം കോടതി ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്.

ഇത് കേവലം നഷ്ടപരിഹാരത്തിന്റെ പ്രശ്നമല്ലെന്നും രാഷ്ട്രപരമാധികാരത്തിേന്റയും നിയമവാഴ്ചയുടേയും പ്രശ്നമാണെന്നുമായിരുന്നു അന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ചൂണ്ടിക്കാട്ടിയത്. 2014 ല്‍ ഐക്യരാഷ്ട്രസഭയും വിഷയത്തില്‍ ഇടപെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button