മലപ്പുറം: ഐഎസ്എല്‍ കിരീടാവകാശിയാരെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഐഎസ്എല്‍ ഫൈനല്‍ വേദിയായ മഡ്ഗാവിലേക്ക് കുതിക്കാനുള്ള തിടുക്കത്തിലാണ് ആരാധകര്‍. എന്നാല്‍ ഐഎസ്എല്‍ കാണാനുള്ള ടിക്കറ്റ് ലഭിക്കുന്നില്ല എന്നതാണ് ഉയര്‍ന്ന് കേള്‍ക്കുന്ന പരാതി.
നിലവില്‍ ബുക്ക് മൈ ഷോയില്‍ മാത്രമാണ് ഐഎസ്എല്‍ കളി കാണാനുള്ള ടിക്കറ്റുള്ളത്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് ആരാധകരുടെ പരാതി. അപൂര്‍വം പേര്‍ക്ക് മാത്രമാണ് ലിങ്ക് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്നത്. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മാത്രമേ ഗോവ ഫട്ടോഡയിലെ നെഹ്രു സ്റ്റേഡിയത്തിലെത്തിയിട്ട് കാര്യമുള്ളു. അവിടെ പോയിട്ട് ടിക്കറ്റ് എടുക്കാമെന്ന കാര്യവും നടക്കില്ല.
ഇന്നലെ രാവിലെ 10 മണിയോടെ ബുക്ക് മൈ ഷോയില്‍ ഐഎസ്എല്‍ കളിക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഓപ്പണ്‍ ആയത്. എന്നാല്‍ എപ്പോള്‍ തുറക്കുമ്പോഴും സോള്‍ഡ് ഔട്ട് എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. ഫുട്ബോള്‍ പ്രമേകിളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലുള്ളവര്‍ ഗോവയിലെത്തിയെങ്കിലും നിലവില്‍ ടിക്കറ്റ് കിട്ടാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.
18,000 പേര്‍ക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇതില്‍ 10,000 ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ ബുക്കിംഗിനായി നല്‍കിയിരിക്കുന്നത്. ബാക്കി 8000 ടിക്കറ്റുകള്‍ സ്പോണ്‍സേഴ്സ്, സംഘാടകര്‍ തുടങ്ങിയവര്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്.