സൂര്യന്റെ ഉപരിതലത്തില്‍ ഭീമന്‍ ദ്വാരം, ഭൂമിക്കും ഭീഷണിയോ?
നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്‌സര്‍വേറ്ററി അടുത്തിടെ സൂര്യന്റെ ബാഹ്യ പരിതസ്ഥിതിയില്‍ ഒരു വലിയ ദ്വാരം കണ്ടെത്തി. ഇത് ‘കൊറോണല്‍ ഹോള്‍’ എന്നറിയപ്പെടുന്നു. സൂര്യന്റെ തെക്കന്‍ അര്‍ദ്ധഗോളത്തിലെ കൊറോണയിലെ ദ്വാരം കണ്ടെത്തിയിരിക്കുന്ന ഭാഗത്തെ താപനില 1.1 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇത് ചാര്‍ജ്ജ് കണങ്ങളുടെ ഒരു പ്രവാഹം പുറപ്പെടുവിക്കുന്നു.
സൗര കൊടുങ്കാറ്റായി മാറി ഇത് ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളെ അപകടത്തിലാക്കിയേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ മാറിയ പരിതസ്ഥിതികളുടെ ഫലമായി ഭൂമിയെ ഉള്‍പ്പെടെ ബാധിച്ചേക്കാവുന്ന ഒരു വലിയ സൗര കൊടുങ്കാറ്റ് ഉണ്ടായേക്കാമെന്ന് ഗവേഷകര്‍ പറഞ്ഞു. കാരണം, സൂര്യന്റെ ഉപരിതലത്തില്‍ കണ്ടെത്തിയ ദ്വാരം ചാര്‍ജ്ജ് കണങ്ങളുടെ തുടര്‍ച്ചയായ സ്‌ഫോടനമാണ് ഉണ്ടാക്കുന്നത്.
സ്പേസ് വെതര്‍ പറയുന്നതനുസരിച്ച്, ചാര്‍ജിത കണങ്ങള്‍ കാരണം ഭൂമിയുടെ ഭൗമ കാന്തികക്ഷേത്രത്തില്‍ നേരിയ ചലനം ഉണ്ടാകാം. ഇതിനര്‍ത്ഥം ഭൂമിയിലേക്കുള്ള പ്രവാഹം ധ്രുവപ്രദേശങ്ങളില്‍ അറോറ പ്രഭാവത്തിന് കാരണമായേക്കാം എന്നാണ്. ഇതിന്റെ ഫലമായി ഉത്തര, ദക്ഷിണ ധ്രുവങ്ങളിലെ ആകാശത്ത് അറോറകളുടെ ഉയര്‍ന്ന സാധ്യതയുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൂര്യന്‍ ചെറിയ ചലനം കാണിക്കുന്നുണ്ടെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ പ്രോജക്ട് കോര്‍ഡിനേറ്ററായ ബില്‍ മുര്‍താഗ് പറയുന്നു.
ഇത് നമ്മെ എങ്ങനെ ബാധിക്കും?
ഗവേഷകര്‍ പറയുന്നതനുസരിച്ച്, സൗര കൊടുങ്കാറ്റുകള്‍ ഭൂമിയുടെ ബാഹ്യ പരിസ്ഥിതിയെ അമിതമായി ചൂടാക്കും. ഇത് ഉപഗ്രഹങ്ങള്‍, ജിപിഎസ് മാപ്പിംഗ്, മൊബൈല്‍ ഫോണ്‍ ട്രാന്‍സ്മിഷന്‍, സാറ്റലൈറ്റ് ടെലിവിഷന്‍ സിഗ്‌നലുകള്‍ എന്നിവയില്‍ സ്വാധീനം ചെലുത്തും. കാരണം, വൈദ്യുതി ലൈനുകള്‍ക്ക് ധാരാളം കറന്റ് വഹിക്കാന്‍ കഴിയും, ഇത് സര്‍ക്യൂട്ടുകള്‍ പൊട്ടിത്തെറിക്കാന്‍ ഇടയാക്കും. എന്നിരുന്നാലും, ഭൂമിയുടെ കാന്തികക്ഷേത്രം, അതിനെതിരായ ഒരു സംരക്ഷണ രൂപമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം സ്‌ഫോടനങ്ങള്‍ അപൂര്‍വ്വമായി മാത്രമേ സംഭവിക്കുകയുള്ളു. ശാസ്ത്രലോകം കൂടുതല്‍ ഗവേഷണത്തിലാണ്. വൈകാതെ ഇതിന് ഉത്തരം ലഭിക്കുമെന്നാണ് സൂചന.