കൊച്ചി: മാലിന്യ സംസ്‌കരണ സംവിധാനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ മാലിന്യം തള്ളിയവരില്‍നിന്ന് ഒരു മാസത്തിനിടെ 54 ലക്ഷം രൂപ പിഴ ഈടാക്കി കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തിയ വിവിധ പരിശോധനകളിലായാണ് 54 ലക്ഷം രൂപ പിഴ ഈടാക്കിയത്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെയും, വ്യവസായ – നിയമ വകുപ്പ് മന്ത്രി പി. രാജീവിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ നഗരസഭകളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും പൂര്‍ണമായും നടപ്പാക്കുന്നതിനായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കര്‍മപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.
കോര്‍പ്പറേഷന്‍ പരിധിയിലെ വീടുകള്‍ സ്ഥാപനങ്ങള്‍ പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു മാസം നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തുന്നവരില്‍നിന്ന് പിഴ ഈടാക്കിയത്. കൂടാതെ ജില്ലാ തലത്തില്‍ രൂപവത്കരിച്ചിട്ടുള്ള രണ്ടു സ്‌ക്വാഡുകള്‍ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി നടത്തിയ പരിശോധനകളിലായി 2,84,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം കോര്‍പറേഷന്‍ പരിധിയിലെ പല സ്ഥലങ്ങളിലും ഇപ്പോഴും മാലിന്യം നീക്കാതെ കൂട്ടിയിട്ട സ്ഥിതിയിലാണ്. പ്ലാസ്റ്റിക് ശേഖരിക്കാന്‍ വൈകുന്നതിനാല്‍ നഗര റോഡുകള്‍ ബ്രഹ്‌മപുരത്തിന് തുല്യമാകുകയാണെന്നും കളക്ടറുടെയും തന്റെയും വീടിന് 100 മീറ്ററിന് അപ്പുറവും റോഡില്‍ മാലിന്യം വലിയ തോതില്‍ തള്ളിയിട്ടുണ്ട്. റോഡില്‍ മാലിന്യം തള്ളുന്ന കാര്യത്തില്‍ പരാതി പറയാനായി ഒരു വാട്‌സാപ്പ് നമ്പര്‍ നല്‍കിയാല്‍ അത് ഹാങ് ആകുമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.
തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി ശരിയായ രീതിയില്‍ മാലിന്യ സംസ്‌കരണ പരിപാടികള്‍ നടപ്പിലാക്കേണ്ടതിന്റെ നിയമപരമായ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും ശരിയായ സംസ്‌കരണ സംവിധാനങ്ങളില്ലാത്ത വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിമാര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. അതേസമയം ജില്ലയില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും ജൈവ മാലിന്യങ്ങള്‍ ബ്രഹ്‌മപുരത്തേക്ക് എത്തിക്കുന്നത് ഏപ്രില്‍ 30 വരെ മാത്രം അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. അതിനുള്ളില്‍ സ്വന്തമായി നിയമാനുസൃത ബദല്‍ സംവിധാനം കണ്ടെത്തണം.
കൊച്ചി നഗരത്തില്‍ നിലവിലുളള പ്രതിസന്ധിയെ തുടര്‍ന്ന് അവശേഷിക്കുന്ന അജൈവ മാലിന്യങ്ങള്‍ ഒറ്റത്തവണയായി നീക്കം ചെയ്യുന്നതിനുള്ള സാധ്യത കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ചേര്‍ന്ന് പരിശോധിക്കും. വഴിയരികില്‍ മാലിന്യം നിക്ഷേപിക്കുന്നത് പിടിക്കുന്നതിന് പിഴയും ശിക്ഷയും ഉറപ്പാക്കുന്നതിനായി പൊലീസ് പരിശോധന വ്യാപകമാക്കണം. മാലിന്യം നിക്ഷേപിക്കുന്ന വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനമായി.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രചരണ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പ്രദര്‍ശന വിപണന മേള ഏപ്രില്‍ 30-ന് മുമ്പായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി വഴിയരികില്‍ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും സാധ്യമായിടങ്ങളിലില്‍ സി.സി.ടി.വി. ക്യാമറ സംവിധാനം ഒരുക്കുന്നതിനും തീരുമാനിച്ചു.
ബ്ലോക്ക് തലത്തില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന ഹരിത കര്‍മസേന അംഗങ്ങളെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശീലകരായി നിയോഗിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. വ്യാപകമായ രീതിയില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്യാമ്പയിന്‍ വരുംദിവസങ്ങളില്‍ സംഘടിപ്പിക്കണം. വിവിധ നഗരസഭകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതില്‍ മരട്, തൃപ്പൂണിത്തുറ, കോതമംഗലം, ഏലൂര്‍ മുനിസിപ്പാലിറ്റികളില്‍ ക്യാമ്പയിന്‍ കാര്യക്ഷമമായി നടക്കുന്നതായും യോഗം വിലയിരുത്തി.