KeralaNews

രാത്രിയാത്ര: സ്ത്രീകൾ തനിച്ചാണെങ്കിൽ KSRTC ബസ് അവർ പറയുന്നിടത്ത് നിർത്തും,ഉത്തരവിറങ്ങി

തിരുവനന്തപുരം: രാത്രിസമയത്ത് ബസുകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി നിര്‍ണായക തീരുമാനവുമായി കെ.എസ്.ആര്‍.ടി.സി. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് അല്ലെങ്കില്‍ സ്റ്റോപ്പുകളില്‍ അവരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് സി.എം.ഡി. ഉത്തരവിട്ടു. കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസുകള്‍ ഒഴികെ ബാക്കി എല്ലാ തരം ബസുകള്‍ക്കും ഇത് ബാധകമാണ്.

സ്ത്രീകളുടെ സുരക്ഷ പരിഗണിച്ച് മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകളും രാത്രിയില്‍ സ്ത്രീയാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് ദുരുപയോഗം ചെയ്യുകയും സൂപ്പര്‍ ക്ലാസ് ബസുകള്‍ അടക്കം എല്ലായിടത്തും നിര്‍ത്തണം എന്ന ആവശ്യം വ്യാപകമായി ഉയരുകയും ചെയ്തു.

ഇത് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും ബസ്സുകള്‍ താമസിക്കുന്ന സാഹചര്യത്തിലേക്കും വഴിതെളിച്ചു. മാത്രമല്ല ദീര്‍ഘദൂര യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ക്ലാസുകളെ ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായി. ഇതോടെ ഈ സൗകര്യം സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ മാത്രം നിര്‍ത്തിയിരുന്നെന്നും കെ.എസ്.ആര്‍.ടി.സി. പത്രക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഒറ്റയ്ക്ക് സ്ത്രീകളെ ഇറക്കിവിടുന്നത് ഒഴിവാക്കുന്നതിനുമായി ഗതാഗത വകുപ്പുമന്ത്രി അഡ്വ. ആന്റണി രാജുവിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഉത്തരവിറക്കിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker