രണ്ടു ദിവസം മുമ്പ് വീട്ടില്‍ ഒരു അതിഥി കൂടി വന്നു, അത് കൊവിഡാണ്; പക്ഷെ എന്റെ സങ്കടം അതല്ലെന്ന് ഇന്നസെന്റ്
തൃശൂര്‍: കൊവിഡ് മഹാമാരിയെ ഒരുമിച്ച് നേരിടാമെന്ന് നടന്‍ ഇന്നസെന്റ്. ഭാര്യ ആലീസ് രണ്ട് ദിവസമായി കൊവിഡ് ബാധിച്ച് ആശുപത്രിയിലാണെന്നും എന്നാല്‍ ഇതും ആലീസ് നേരിടുമെന്ന് ഇന്നസെന്റ് പ്രമുഖ പത്രത്തിലെഴുതിയ ലേഖനത്തില്‍ നര്‍മ്മത്തില്‍ കലര്‍ത്തി പറയുന്നു.
‘രണ്ടു ദിവസം മുന്‍പ് വീട്ടില്‍ പുതിയൊരു അതിഥി കൂടി വന്നു. അത് കൊവിഡാണ്. കാന്‍സര്‍ കൂടെയുള്ളതുകൊണ്ടാകാം, പുതിയ അതിഥി വന്നതു ഭാര്യ ആലീസിനെ അന്വേഷിച്ചാണ്. കൊവിഡ് കെട്ടിപിടിച്ച് ആലീസ് ആശുപത്രിയില്‍ കിടക്കുന്നു. ചിരിച്ച് എല്ലാവരെയും ഫോണ്‍ ചെയ്യുന്നു. ആലീസിനോട് കളിച്ചു തോറ്റുപോയ ആളാണു കാന്‍സര്‍. അതുപോലെ ഇതും 10 ദിവസംകൊണ്ടു പോകും”. ഇന്നസെന്റ് പറഞ്ഞു.
ആറ് മാസമായി എന്റെ വലിയ സങ്കടം പേരകുട്ടികളായ ഇന്നസെന്റും, അന്നയും കംപ്യൂട്ടര്‍ നോക്കി പഠിക്കുന്നത് കാണുമ്പോഴാണ്. അവര്‍ക്ക് പരീക്ഷയ്ക്ക് പുസ്തകം നോക്കി എഴുതാം. എനിക്കുള്ള സങ്കടം ഞാന്‍ പഠിക്കുന്ന കാലത്ത് ഇതുണ്ടായില്ലല്ലോ എന്നാണ്. അന്നു പുസ്തകം നോക്കി എഴുതാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാന്‍ എം.ബി.ബി.എസ് വരെ പാസായേനെ. ഇന്നെസന്റ് പറയുന്നു.
കൊവിഡ് ബാധിച്ച ഒരാളുടെ വീട്ടിലേക്ക് കല്ലെറിഞ്ഞുവെന്ന വാര്‍ത്ത തന്നെ ഏറെ വേദനിപ്പിച്ചു. ഇങ്ങനെ ചെയ്യുന്നവര്‍ രോഗം ആരുടെ വീടിന്റെ വാതിലിനുമുന്നിലും എപ്പോള്‍ വേണമെങ്കിലും എത്തിയേക്കാമെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ഇന്നസെന്റ് പറഞ്ഞു.
ഇപ്പോള്‍ ആശുപത്രയിലുള്ള എല്ലാവരോടും എനിക്ക് ചോദിക്കാനുള്ളത് സുഖമല്ലേ എന്നാണെന്നും ഇന്നസെന്റ് പറയുന്നു. ഇതെല്ലാം നമുക്ക് ഒരുമിച്ച് ചാടിക്കടക്കാം ഞാന്‍ പല തവണ ചാടിയവനാണ്. ക്യാന്‍സറിനെ നേരിട്ട അനുഭവത്തിന്റെ കരുത്തില്‍ ഇന്നസെന്റ് അഭിപ്രായപ്പെട്ടു.