വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മഞ്ഞുപാളികള്‍ക്കടിയില്‍ പെട്ടു;കിർഗിസ്താനിൽ ഇന്ത്യക്കാരനായ മെഡിക്കൽ വിദ്യാർഥി മരിച്ചു

ബിഷ്‌കെക്: കിര്‍ഗിസ്താനില്‍ മഞ്ഞുറഞ്ഞ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ആന്ധ്രാപ്രദേശിലെ അനകപെല്ല സ്വദേശിയായ ദസരി ചന്ദു (21) ആണ് മരിച്ചത്. കിര്‍ഗിസ്താനിലെ ഒരു മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു ചന്ദു.

പരീക്ഷയ്ക്കുശേഷം ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിനടുത്തുള്ള വെള്ളച്ചാട്ടത്തിലേക്ക് പോയതാണ് ചന്ദു. ആന്ധ്രാപ്രദേശില്‍ നിന്നുതന്നെയുള്ള നാല് സുഹൃത്തുക്കളാണ് ചന്ദുവിന്റെ ഒപ്പം ഉണ്ടായിരുന്നത്.

വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ചന്ദു മഞ്ഞുപാളികള്‍ക്കടിയില്‍ പെട്ടുപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചന്ദുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി വേണ്ട സഹായങ്ങള്‍ ചെയ്തുതരണം എന്നാവശ്യപ്പെട്ട് കുടുംബം കേന്ദ്രമന്ത്രി ജി. കൃഷ്ണ റെഡ്ഡിയുമായി ബന്ധപ്പെട്ടിരുന്നു.

തിങ്കളാഴ്ച കേന്ദ്രമന്ത്രി ജി. കൃഷ്ണ റെഡ്ഡി കിര്‍ഗിസ്താനിലെ ഔദ്യോഗികവൃത്തങ്ങളുമായി ബന്ധപ്പെട്ടു. ചന്ദുവിന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News