27.1 C
Kottayam
Saturday, May 4, 2024

കെജ്‌രിവാളും കവിതയും ജയിലില്‍ തുടരും; കസ്റ്റഡി കാലാവധി നീട്ടി

Must read

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ബിആർഎസ് നേതാവ് കെ.കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്കുകൂടി നീട്ടി. ചൊവ്വാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇരുവരെയും റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഡൽഹി തിഹാർ ജയിലിൽ കഴിയുന്നരണ്ടുപേരേയും കസ്റ്റഡി കാലാവധി കഴിയുന്ന മെയ് ഏഴിന് കോടതിയിൽ വീണ്ടും ഹാജരാക്കും.

തിഹാര്‍ ജയിലില്‍ ദിവസേന 15-മിനിറ്റ് നേരം വൈദ്യപരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജി കഴിഞ്ഞദിവസം റോസ് അവന്യു കോടതി തള്ളിയിരുന്നു. അവശ്യമായ വൈദ്യചികിത്സ നല്‍കണമെന്നും പ്രത്യേക പരിശോധന അവശ്യമായ ഘട്ടത്തില്‍ മെഡിക്കല്‍ ബോര്‍ഡിനെ ജയില്‍ അധികൃതര്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. നേരത്തേ കെജ്‌രിവാളിനെ ഇടക്കാലജാമ്യത്തില്‍ വിട്ടയക്കണമെന്ന ഹര്‍ജിയും കോടതി തള്ളിയിരുന്നു.

ഇ.ഡിയും സംസ്ഥാനവും രജിസ്റ്റര്‍ ചെയ്ത എല്ലാ ക്രിമിനല്‍ കേസുകളില്‍ നിന്നും ഇടക്കാല ജാമ്യം നല്‍കി ജയില്‍ മോചിതനാക്കണമെന്ന ഹര്‍ജിയാണ് ഡല്‍ഹി കോടതി തള്ളിയത്. അതോടൊപ്പം പരാതിക്കാരന് 75000 രൂപ പിഴയും കോടതി വിധിച്ചു. എ.എ.പി നേതാവ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത് കോടതിയുടെ ഉത്തരവിലാണെന്നും കോടതി പരമാര്‍ശിച്ചു. ഏപ്രിൽ 15-ന് കെജ്‌രിവാളിന്റെ ജാമ്യ ഹർജി സുപ്രീം കോടതിയും തള്ളി. അറസ്റ്റ് ചോദ്യംചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതോടെ ആയിരുന്നു അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പിന് കെജ്രിവാളിന് പണം നൽകിയെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകളും ആം ആദ്മി പാർട്ടിയുടെ സ്വന്തം സ്ഥാനാർഥിയുടെയും മൊഴികളും ഇഡിക്ക് ഹാജരാക്കാൻ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അറസ്റ്റും തുടർന്നുള്ള റിമാൻഡും ഹൈക്കോടതി ശരിവെച്ചത്. മദ്യനയക്കേസിൽ മാർച്ച് 21-നാണ് ഡൽഹി മുഖ്യമന്ത്രിയെ ഇ.ഡി.അറസ്റ്റ് ചെയതത്.

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളാണ് 46-കാരിയായ കെ. കവിത. ഡല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഭരണപാര്‍ട്ടിയായ ആംആദ്മിക്ക് 100 കോടി നല്‍കിയ സൗത്ത് ഗ്രൂപ്പ് എന്ന കമ്പനിയുമായി കവിതയ്ക്ക് ബന്ധമുണ്ട് എന്നായിരുന്നു ആരോപണം. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ ചോദ്യംചെയ്യലിനായാണ് കവിതയെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.

ഹൈദരാബാദിലെ ബാന്‍ജറ ഹില്‍സിലുള്ള വസതിയില്‍നിന്ന് മാര്‍ച്ച് 15-നാണ് ഇ.ഡി. കവിതയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ കവിതയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായി. പിന്നീട് പ്രത്യേക കോടതിയുടെ ഉത്തരവോടെയാണ് തിഹാര്‍ ജയിലിനുള്ളില്‍വെച്ച് സി.ബി.ഐ. കവിതയെ ചോദ്യംചെയ്തത്. തുടർന്ന് ജയിലിനുള്ളില്‍വെച്ചു അവരെ സി.ബി.ഐ. അറസ്റ്റുചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week