ടൊറന്റോ: യു.എസ്-കാനഡ അതിര്‍ത്തിക്ക് സമീപം തണുത്ത് വിറച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ഗാന്ധിനഗര്‍ സ്വദേശികളായ ജഗദീഷ് ബല്‍ദേവ്ഭായ് പട്ടേല്‍, ഭാര്യ വൈശാലിബെന്‍ ജഗദീഷ് കുമാര്‍ പട്ടേല്‍(37)മക്കളായ വിഹാംഗി(11), ധര്‍മിക്(3) എന്നിവരാണ് മരണപ്പെട്ടത്. ജനുവരി 19ന് യുഎസ്-കാനഡ അതിര്‍ത്തിയില്‍ നിന്ന് 12 മീറ്റര്‍ മാത്രം അകലെയുള്ള മോണിറ്റോബയില്‍ മരിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്.
ജനുവരി 26നാണ് ഇവരുടെ മൃതദേഹ പരിശോധന പൂര്‍ത്തീകരിച്ചത്. കഠിനമായ ശൈത്യത്തെ തുടര്‍ന്ന് ഇവര്‍ തണുത്ത് മരവിച്ച് മരണപ്പെട്ടതാണെന്ന് പരിശോധനയില്‍ നിന്നും വ്യക്തമായി. മരണ വിവരം ഗുജറാത്തിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി വരികയാണെന്നും കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എല്ലാവിധ സഹായങ്ങളും കുടുംബത്തിന് ഉറപ്പുവരുത്തുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
രണ്ടാഴ്ച മുന്‍പാണ് സന്ദര്‍ശക വിസയില്‍ കുടുംബം കാനഡയില്‍ എത്തിയത്. അതേസമയം, ഇവരെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് സമീപത്തൊന്നും വാഹനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവരെ മനുഷ്യക്കടത്ത് സംഘം മറ്റേതോ വാഹനത്തില്‍ അതിര്‍ത്തിക്ക് സമീപം ഇറക്കിവിട്ടതാവാമെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
ജനുവരി 19ന്, റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) കാനഡയിലെ എമേഴ്സണ്‍ നഗരത്തിന് സമീപം തണുത്ത് മരവിച്ച് മരിച്ച നിലയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. അന്നുതന്നെയാണ് രേഖകളില്ലാത്ത രണ്ട് ഇന്ത്യന്‍ പൗരന്മാരെ തന്റെ വാഹനത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് അമേരിക്കക്കാരനായ സ്റ്റീവ് ഷാന്‍ഡ് എന്നയാളെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രേഖകളില്ലാത്ത അഞ്ച് ഇന്ത്യന്‍ പൗരന്മാരെക്കൂടി യുഎസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഈ ഏഴ് പേരും മരിച്ച നിലയില്‍ കണ്ടെത്തിയ നാല് പേരും ഒരേ സംഘത്തില്‍ പെട്ടവരാണെന്നാണ് വിവരം.