യെദിയൂരപ്പയുടെ കൊച്ചുമകള്‍ ജീവനൊടുക്കി
ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്.യെദിയൂരപ്പയുടെ കൊച്ചുമകളെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. രാമയ്യ മെഡിക്കല്‍ കോളജിലെ ഡോക്ടറായ സൗന്ദര്യ (30) ആണ് മരിച്ചത്. യെദിയൂരപ്പയുടെ രണ്ടാമത്തെ മകള്‍ പത്മാവതിയുടെ മകളാണ്.
ഭര്‍ത്താവ് ഡോ. നീരജിനൊപ്പമാണ് സൗന്ദര്യ താമസിച്ചിരുന്നത്. ഇന്ന് രാവിലെ വസന്ത്‌നഗറിലെ ദമ്പതികള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആറ് മാസം പ്രായമായ കുട്ടിയുണ്ട്. 2018-ലായിരുന്നു ദമ്പതികളുടെ വിവാഹം.
രാവിലെ എട്ടിന് ഭര്‍ത്താവ് ജോലിക്ക് പോയിരുന്നു. പിന്നാലെ പത്തോടെയാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരി വന്ന് വാതിലില്‍ മുട്ടിയിട്ടും തുറക്കാതെ വന്നതോടെ ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളാറ്റില്‍ പ്രവേശിച്ചപ്പോഴാണ് സംഭവം അറിയുന്നത്.