ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പുതിയ നിയമപരിഷ്‌ക്കരണം ആവശ്യപ്പെട്ട് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ. സിക്‌സറുകളുടെ കനത്തിനനുസരിച്ചു കൂടുതല്‍ റണ്‍സും അനുവദിക്കണമെന്നാണു താരത്തിന്റെ ആവശ്യം.90 മീറ്റര്‍ സിക്‌സാണെങ്കില്‍ എട്ടു റണ്‍സും 100 മീറ്ററാണെങ്കില്‍ 10 റണ്‍സും നല്‍കണമെന്നാണ് രോഹിത് ആവശ്യപ്പെട്ടത്.
ക്രിക്കറ്റ് ജേണലിസ്റ്റായ വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണു രോഹിതിന്റെ അഭിപ്രായപ്രകടനം. ‘ഒരു ബാറ്റര്‍ 90 മീറ്റര്‍ സിക്‌സ് അടിച്ചാല്‍ എട്ട് റണ്‍സ് നല്‍കണം. നൂറു മീറ്റര്‍ സിക്‌സാണെങ്കില്‍ 10 റണ്‍സും. ക്രിസ് ഗെയിലും കീറൻ പൊള്ളാര്‍ഡുമെല്ലാം നൂറു മീറ്റര്‍ സിക്‌സുകള്‍ അടിക്കുന്നവരാണ്. കൂടുതല്‍ ഉയരത്തില്‍ അടിച്ച് ബൗണ്ടറി കടത്തിയാലും അവര്‍ക്കു കിട്ടുന്നത് ആറു റണ്‍സാണ്. അത് ന്യായമല്ല.’-രോഹിത് പറഞ്ഞു.
രോഹിതിനെ പിന്തുണച്ച് മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്‌സണ്‍ രംഗത്തെത്തി. വര്‍ഷങ്ങള്‍ക്കുമുൻപ് താൻ പറഞ്ഞതും ഇതുതന്നെയാണെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. ഒരുപടി കൂടി കടന്ന് നൂറു മീറ്റര്‍ സിക്‌സ് അടിച്ചാല്‍ 12 റണ്‍സ് നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടി20 ക്രിക്കറ്റില്‍ ഇത്തരമൊരു മാറ്റം കൊണ്ടുവരണം. അല്ലെങ്കില്‍ 100 ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനു വേണമെങ്കില്‍ അത്തരമൊരു പരിഷ്‌ക്കരണം കൊണ്ടുവരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ക്രിക്കറ്റ് ചരിത്രത്തിലെ സിക്‌സര്‍ വേട്ടക്കാരിലും ഒന്നാമനാകാൻ രോഹിത് ശര്‍മയ്ക്ക് ഇനി വെറും മൂന്ന് സിക്‌സ് മതി. 553 സിക്‌സുമായി ക്രിസ് ഗെയിലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 551 സിക്‌സുമായി രോഹിത് തൊട്ടരികിലും നില്‍ക്കുന്നു. ഈ ലോകകപ്പിനു തന്നെ ഇന്ത്യൻ നായകൻ റെക്കോര്‍ഡ് സ്വന്തം പേരിലാക്കുമെന്നുറപ്പാണ്.