കരസേനയ്ക്ക് പിന്നാലെ അഗ്നിപഥ് റിക്രൂട്ട്മെന്‍റിന് വിജ്ഞാപനമിറക്കി വ്യോമസേനയും;അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ 5
ഡൽഹി: കരസേനയ്ക്ക് പിന്നാലെ അഗ്നിപഥ് റിക്രൂട്ട്മെന്‍റിന് വിജ്ഞാപനമിറക്കി വ്യോമസേനയും. വ്യോമസേന രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ ജൂലൈ അഞ്ച് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്തമാസം 24 ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. പത്താം ക്ളാസോ പ്ലസ് ടുവോ പാസായവർക്കാണ് വ്യോമസേനയിൽ അവസരം. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. മൂന്ന് സേനകളുടെയും വാർത്താസമ്മേളനം ഇന്ന് വീണ്ടും വിളിച്ചു. പ്രധാനമന്ത്രിയെ സേനാ മേധാവികൾ കാണും.
അഗ്നിപഥ് പദ്ധതിയുടെ അറിയിപ്പ് കരസേനയും ഇന്നലെ നല്‍കിയിരുന്നു. കരസേന രജിസ്ട്രേഷൻ അടുത്ത മാസമാണ്. പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസായവർക്കാണ് സേനയിൽ അഗ്നീവീറുകളായി വിവിധ തസ്തികകളിൽ അവസരം ലഭിക്കുക. 25 ശതമാനം പേർക്ക് നാല് വർഷത്തെ സേവനത്തിന് ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകും എന്ന് കരസേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്നാൽ അഗ്നിവീറുകൾക്ക് വിമുക്ത ഭടന്മാരുടെ പദവി, വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, ക്യാന്‍റീന്‍ സൗകര്യം എന്നിവ ഉണ്ടായിരിക്കില്ല.
പദ്ധതി നിറുത്തി വയ്ക്കണമെന്ന നിർദ്ദേശമാണ് ഇന്നലെ രാഷ്ട്രപതിയെ കണ്ട കോൺഗ്രസ് നേതാക്കൾ മുന്നോട്ടു വച്ചത്. എന്നാൽ പിന്നോട്ടില്ല എന്നു തന്നെയാണ് സർക്കാർ പ്രഖ്യാപിക്കുന്നത്. പ്രതിഷേധം തുടരുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും സ്ഥിതി നിയന്ത്രണ വിധേയമാണ്. ട്രെയിൻ സർവ്വീസുകൾ പലയിടത്തും പുനസ്ഥാപിച്ചിട്ടില്ല. 630 സർവ്വീസുകളാണ് ഇതുവരെ റദ്ദാക്കിയത്. ബീഹാറിൽ കോച്ചിംഗ് സെന്‍ററുകള്‍ക്ക് എതിരെ പൊലീസ് നടപടി തുടങ്ങിയിരുന്നു. ഹരിയാനയിലും ചില കോച്ചിംഗ് സെന്‍റര്‍ നടത്തിപ്പുകാർ അറസ്റ്റിലായി. മഹേന്ദ്രഗഡിലും ജജ്ജറിലും കോച്ചിംഗ് സെന്‍റര്‍ അടച്ചു പൂട്ടി. സേനയിൽ ഈ വർഷം എടുക്കുന്നവരുടെ എണ്ണം കൂട്ടാനുള്ള നിർദ്ദേശം ധനമന്ത്രാലയത്തിന്‍റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.
എന്താണ് അഗ്നിപഥ്?
പതിനേഴര മുതല്‍ 21 വയസുവരെ ഉള്ളവര്‍ക്കാണ് ഈ പദ്ധതി വഴി സൈന്യത്തില്‍ ചേരാനാകുക. നാല് വര്‍ഷത്തേക്ക് നിയമനം. കഴിവ് തെളിയിക്കുന്ന 25 ശതമാനം പേരെ സ്ഥിരപ്പെടുത്തും. ഇവര്‍ക്ക് 15 വര്‍ഷവും സര്‍വീസില്‍ തുടരാം. ആരോഗ്യ ശാരീരിക ക്ഷമതാ പരിശോധനകള്‍ക്കായി റിക്രൂട്ട്മെന്‍റ് റാലികളിലൂടെയാണ് തെരഞ്ഞെടുപ്പ്. സ്ഥിരനിയമനം നേടുന്ന 25 ശതമാനം പേരൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് പെൻഷൻ ഉണ്ടാകില്ല. തുടക്കത്തിൽ 30,000 രൂപയുള്ള ശന്പളം സേവനത്തിന്‍റെ അവസാനത്തിൽ 40,000 രൂപ. ശന്പളത്തിന്‍റെ 30 ശതമാനം സേവാനിധി പ്രോഗാമിലേക്കു മാറ്റും. നാല് വർഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേർത്ത് സേവന കാലയളവ് അവസാനിക്കുന്പോള്‍ പതിനൊന്നരലക്ഷം രൂപ ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉണ്ടാകും.
പത്ത് – പ്ലസ് ടു പാസായവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. പത്താംക്ലാസ് പൂര്‍ത്തിയാവര്‍ക്ക് സേവനം കഴിയുമ്പോള്‍ പന്തണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പന്ത്രണ്ടാം ക്ലാസ് ജയിച്ചവര്‍ക്ക് സേവനം പൂര്‍ത്തിയാകുമ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്. സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. സേവനത്തിനിടെ മരിച്ചാല്‍ 1 കോടി രൂപ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും. നിലവില്‍ സൈന്യത്തിലെ ശരാശരി പ്രായം 32 ആണ്. അഗ്നിപഥ് പദ്ധതി പദ്ധതി നടപ്പാക്കുന്നതോടെ ഇത് ആറ്-ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയും.