KeralaNews

ആശുപത്രിയിലെത്തുന്ന ഓരോ ജീവനും വിലപ്പെട്ടതെന്ന് ആരോഗ്യമന്ത്രി, ബലിയാ ടെന്ന് ഡോക്ടർമാർ, തുറന്ന യുദ്ധത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗിക്കായി എത്തിച്ച വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച വ്യക്തമാക്കി ആംബുലൻസ് സഹായി അരുൺദേവ്. കൊച്ചിയിൽ നിന്നും വൃക്കയുമായി ആംബുലൻസെത്തുമ്പോൾ സെക്യൂരിറ്റി പോലും വിവരമറിഞ്ഞിരുന്നില്ലെന്നും, ഇതിനാലാണ് വൃക്കയടങ്ങിയ പെട്ടി തങ്ങൾ എടുത്തതെന്നും അരുൺദേവ് പറഞ്ഞു.

ഡോക്ടർമാർക്കെതിരായ നടപടിയിൽ ആരോഗ്യമന്ത്രി ഉറച്ചുനിൽക്കുമ്പോൾ സസ്പെൻഷനെതിരെ മുന്നറിയിപ്പുമായി കെജിഎംസിടിഎ രംഗത്തെത്തി. ഡോക്ടർമാർ സ്ഥത്തുണ്ടായിരുന്നില്ലെന്ന കണ്ടെത്തൽ തെറ്റാണെന്നും മറിച്ചാണെങ്കിൽ  ക്രിമിനൽ കേസെടുക്കട്ടെയെന്നുമാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനകയുടെ വെല്ലുവിളി. 

അടിയന്തിരഘട്ടത്തിലെത്തിക്കുന്ന വൃക്ക കൈകാര്യം ചെയ്യുന്നതിൽ ആശുപത്രി മാനേജ്മെന്‍റ് തലത്തിലുണ്ടായ വീഴ്ചകളിലേക്കാണ് പുതിയ വിവരങ്ങൾ വിരൽ ചൂണ്ടുന്നത്. മറ്റാരുമില്ലാത്തതിനാലും, ഒപ്പം വന്ന ഡോക്ടർമാർ അവശരായതിനാലും സ്വന്തം നിലയ്ക്ക് അവയവം ഉൾപ്പെട്ട പെട്ടിയെടുത്തുവെന്നാണ് ആംബുലൻസ് ഏകോപനം നടത്തിയ അരുൺദേവിന്‍റെ വാക്കുകൾ.

”ഒരു ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്. അതല്ലാതെ എനിക്കിതിൽ വേറെ ദുരുദ്ദേശം ഒന്നുമില്ലായിരുന്നു. ആംബുലൻസ് എത്തിയപ്പോൾ സെക്യൂരിറ്റി പോലും മിഷൻ അറിഞ്ഞിരുന്നില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. മിഷൻ ഒരുപക്ഷേ പ്രതീക്ഷിച്ചതിലും നേരത്തേ വന്നിരിക്കാം. മിഷനിൽ കൂടെ പോയ ഡ്രൈവർമാരും ഡോക്ടർമാരും ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അവർ അവശരായിരുന്നു” എന്ന് അരുൺ ദേവ് പറയുന്നു. വൃക്ക മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ പെട്ടിയെടുത്ത് ഓടിയത് അരുൺ ദേവായിരുന്നു. തിരുവനന്തപുരം ജില്ലയിൽ ദൗത്യം കോർഡിനേറ്റ് ചെയ്തത് അരുൺ ദേവാണ്. 

സർക്കാരിപ്പോഴും ഇതിനെ ദുരൂഹതയുടെ നിഴലിൽ നിർത്തുകയാണ്. ഡോക്ടർമാർക്കെതിരായ നടപടിയിൽ മാറ്റവുമില്ല. ചികിത്സാപ്പിഴവാണെന്ന് വിവരമില്ലെന്നിരിക്കെ, ഏകോപനത്തിലെ പാളിച്ചകൾക്ക് വകുപ്പ് മേധാവികൾക്കെതിരെയല്ലാതെ ആർക്കെതിരെ നടപടിയെന്നാണ് ചോദ്യം.

”തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്. സസ്പെൻഷനെന്നാൽ ശിക്ഷാ നടപടിയല്ല. സംഭവത്തിൽ കർശനമായ അന്വേഷണം നടക്കും. രോഗിയുടെ ജീവന് ഉത്തരവാദിത്തം ഡോക്ടർമാർക്കാണ്. സർക്കാർ ആശുപത്രികൾ ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ആശുപത്രികളാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് പ്രവർത്തനം മെച്ചപ്പെടുത്താൻ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നതാണ്. ഉത്തരവാദിത്തപ്പെട്ടവർ ആ ജോലി ചെയ്യണം.

നടപടി എടുത്തത് പ്രാഥമികാന്വേഷണം നടത്തി തന്നെയാണ്. എന്നിട്ടും വീഴ്ച വന്നാൽ ഡോക്ടർമാർക്ക് എതിരെ അല്ലെങ്കിൽ ആർക്കെതിരെയാണ് നടപടി എടുക്കേണ്ടത്? ആരാണ് അവയവം അകത്തേക്ക് കൊണ്ടുപോയത് എന്ന് ഡോക്ടർമാർക്ക് അറിയില്ല. സർക്കാർ വിട്ടുവീഴ്ചയില്ലാതെ നടപടി എടുക്കും. സംഭവത്തിൽ സമഗ്രാന്വേഷണം നടക്കും, കടുത്ത നടപടി ഉണ്ടാകും”, ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. 

അഡിമിനിസ്ട്രേറ്റീവ് തലത്തിലെ ഏകോപനത്തിലെ വീഴ്ചകളിലേക്ക് പരിശോധന നീളാതെ, രണ്ട് മുതിർന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുത്തതിൽ മെഡിക്കൽ കോളേജധ്യാപകരുടെ സംഘടന പ്രക്ഷോഭത്തിലേക്കെന്ന് ആവർത്തിക്കുന്നു.  ഡോക്ടർമാർ സ്ഥത്തുണ്ടായിരുന്നുവെന്നും, ഇല്ലെങ്കിൽ ക്രിമിനൽ കേസെടുക്കട്ടെയെന്നും വെല്ലുവിളി. 

ചുരുക്കത്തിൽ മെഡിക്കൽ കോളേജിൽ തന്നെ ഒന്നിച്ച് പ്രവ‍ർത്തിക്കേണ്ട സംവിധാനത്തിലെ തലപ്പത്തുള്ളവർ തമ്മിലുള്ള മാനസിക ഐക്യമില്ലായ്മയും മറനീക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാൽ സുരേഷ് കുമാറിന്‍റെ മരണത്തിൽ അന്വേഷണം കൂടുതൽ മുന്നോട്ടു പോയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker