ആന്‍റിഗ്വ: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍(ICC Under 19 World Cup 2022) ഇന്ത്യക്ക് അഞ്ചാം കിരീടം. ഫൈനലില്‍ രാജ് ബാവയുടെ(Raj Bawa) ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ സീനിയര്‍ ടീം ഏകദിന ക്രിക്കറ്റില്‍ 1000-ാമത്തെ മത്സരം കളിക്കുന്ന ദിവസം തന്നെയാണ് യുവ ഇന്ത്യ കിരീടധാരണമെന്നത് ഇരട്ടിമധുരമായി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ രാജ് ബാവയുടെയും രവി കുമാറിന്‍റെയും(Ravi Kumar) പേസ് മികവില്‍ 189 റണ്‍സില്‍ തളച്ച ഇന്ത്യ 47.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്താണ് കഴിഞ്ഞ തവണ ബംഗ്ലാദേശിന് മുന്നില്‍ കൈവിട്ട കിരീടം തിരിച്ചു പിടിച്ചത്. സ്കോര്‍ ഇംഗ്ലണ്ട്-44.5 ഓവറില്‍ 189ന് ഓള്‍ ഔട്ട്, ഇന്ത്യ47.4 ഓവറില്‍ 195-6. നാലു വിക്കറ്റ് ശേഷിക്കെ മൂന്നോവറില്‍ 12 റണ്‍സായിരുന്നു ഇന്ത്യക്ക് ജയത്തിലേക്ക് വേണ്ടിയിരുന്നത്. ജെയിംസ് സെയില്‍സിന്‍റെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ നിഷാന്ത് സന്ധു രണ്ടാം പന്തില്‍ സിംഗിളെടുത്ത് അര്‍ധസെഞ്ചുറി തികച്ചു. അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി നിര്‍ണായക 35 റണ്‍സെടുക്കുകയും ചെയ്ത രാജ് ബാവയാണ് ഫൈനലിലെ താരം. ജൂനിയര്‍ എ ബി ഡിവില്ലിയേഴ്സ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസാണ് ടൂര്‍ണമെന്‍റിലെ താരം.
India are the 2022 ICC U19 Men's Cricket World Cup champions 🏆
— ICC (@ICC) February 5, 2022
They beat England by four wickets in the #U19CWC final 👏#ENGvIND pic.twitter.com/e4uhN2Pbqb
സെയില്‍സിന്‍റെ അടുത്ത രണ്ട് പന്തുകളും സിക്സിന് പറത്തി വിക്കറ്റ് കീപ്പര്‍ ദിനേശ് ബാന ഇന്ത്യയുടെ കിരീടധാരണം പൂര്‍ത്തിയാക്കി. 54 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന നിഷാന്ത് സന്ധുവും 50 റണ്‍സെടുത്ത ഓപ്പണര്‍ ഷെയ്ഖ് റഷീദുമാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍മാര്‍. മുഹമ്മദ്, കൈഫ്(2000), വിരാട് കോലി(2008), ഉന്‍മുക്ത് ചന്ദ്(2012), പൃഥ്വി ഷാ(2018) എന്നിവര്‍ക്കുശേഷം ഇന്ത്യക്ക് അണ്ടര്‍-19 ലോകകപ്പ് സമ്മാനിക്കുന്ന നായകനാണ് യാഷ് ദുള്‍.
ഇംഗ്ലണ്ടിനെ 189 റണ്‍സിലൊതുക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ ഞെട്ടി. ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലായിരുന്ന ഓപ്പണര്‍ ആങ്ക്ക്രിഷ് രഘുവംശിയെ(0) നേരിട്ട രണ്ടാം പന്തില്‍ തന്നെ ജോഷ്വാ ബോയ്ഡെന്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ഹോര്‍ട്ടന്‍റെ കൈകളിലെത്തിച്ചു. സ്കോര്‍ ബോര്‍ഡില്‍ റണ്‍സെത്തും മുമ്പെ വിക്കറ്റ് വീണത് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും രണ്ടാം വിക്കറ്റില്‍ ഷെയ്ഖ് റഷീദും ഹര്‍നൂര്‍ സിംഗും കരുതലോടെ കളിച്ചു. റണ്‍നിരക്ക് കുറവായിരുന്നെങ്കിലും ഇംഗ്ലീഷ് പേസര്‍മാരെ ഫലപ്രദമായി നേരിട്ട ഇരുവരും പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമാവാതെ കാത്തു.
ഇന്ത്യന്‍ സ്കോര്‍ 50 കടക്കും മുമ്പെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ അലക്സ് ഹോര്‍ട്ടന്‍റെ പറക്കും ക്യാച്ചില്‍ ഹര്‍നൂര്‍ സിംഗ് വീണു. ലെഗ് സ്റ്റംപില്‍ കുത്തി ഉയര്‍ന്ന പന്തില്‍ നിന്ന് ഹര്‍നൂര്‍ ബാറ്റെടുത്തെങ്കിലും ബാറ്റിന്‍റെ പിടിയിലുരുമ്മിയ പന്ത് സൂപ്പര്‍മാന്‍ ക്യാച്ചിലൂടെ ഹോര്‍ട്ടന്‍ പറന്നുപിടിച്ചപ്പോള്‍ അത് ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചായി.
പതിനെട്ടാം ഓവറില്‍ 49-2 എന്ന സ്കോറില്‍ ഇഴഞ്ഞു നീങ്ങിയ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ക്യാപ്റ്റന്‍ യാഷ് ദുള്‍ ക്രീസിലെത്തിയതോടെ അനക്കം വെച്ചു തുടങ്ങി. ദുള്‍ ക്രീസിലെത്തിയതോടെ റഷീദും സ്കോറിംഗ് തുടങ്ങിയതോടെ ഇന്ത്യ അനാായസം ലക്ഷ്യത്തിലെത്തുമെന്ന് തോന്നിച്ചു.
സ്കോര്‍ 96ല്‍ നില്‍ക്കെ അര്‍ധസെഞ്ചുറി തികച്ച ഷെയ്ഖ് റഷീദിനെ ജെയിംസ് സെയില്‍സ് ക്യാപ്റ്റന്‍ ജെയിംസ് റ്യൂവിന്‍റെ കൈകളിലെത്തിച്ചു. സെമിക്ക് പിന്നാലെ ഫൈനലിലും അര്‍ധസെഞ്ചുറി നേടിയ റഷീദ് 84 പന്തില്‍ ആറ് ബൗണ്ടറി സഹിതമാണ് 50 റണ്‍സടിച്ചത്. തന്‍റെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ യാഷ് ദുള്ളിനെയും(17) സെയില്‍സ് മടക്കിയതോടെ ഇന്ത്യയുടെ കച്ചവടം പൂട്ടാമെന്ന് ഇംഗ്ലണ്ട് കരുതിയെങ്കിലും ബൗളിംഗിലെന്ന പോലെ രാജ് ബാവ ബാറ്റിംഗിലും അവര്‍ക്കുമുന്നില്‍ മഹാമേരുവായി.
തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീണതോടെ ഇന്ത്യയെ പൂട്ടാമെന്ന് കരുതിയ ഇംഗ്ലണ്ട് പ്രതീക്ഷകളെ രാജ് ബാവയും നിഷാന്ത് സന്ധുവും ചേര്‍ന്ന് ബൗണ്ടറി കടത്തി. ആക്രമണവും പ്രതിരോധവും ഒരുപോലെ സമന്വയിപ്പിച്ച് ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇംഗ്ലണ്ടിന്‍റെ ചിരി മങ്ങി. 57 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചശേഷം രാജ് ബാവ(54 പന്തില്‍ 35) യും കൗശല്‍ ടാംബെയും(1) മടങ്ങിയെങ്കിലും നിഷാന്ത് സന്ധുവും(50*) ദിനേശ് ബാനയും(4 പന്തില്‍ 20*) ചേര്‍ന്ന് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.ഇംഗ്ലണ്ടിനായി ജെയിംസ് സെയില്‍സും ജോഷ്വാ ബോയ്ഡനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യന്‍ പേസാക്രമണത്തിന് മുന്നില്‍ 44.5 ഓവറില്‍ 189 റണ്‍സിന് ഓള്‍ ഔട്ടായി. 95 റണ്‍സെടുത്ത ജെയിംസ് റ്യൂ(James Rew) ആണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഒരു ഘട്ടത്തില്‍ 61-6ലേക്കും 91-7ലേക്കും കൂപ്പു കുത്തിയ ഇംഗ്ലണ്ടിനെ വാലറ്റക്കാരന്‍ ജെയിംസ് സെയില്‍സിനെ കൂട്ടുപിടിച്ച് റ്യൂ നടത്തിയ പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ രാജ് ബാവയും(Raj Bawa) നാലു വിക്കറ്റ് വീഴ്ത്തിയ ഇടം കൈയന്‍ പേസര്‍ രവി കുമാറുമാണ്(Ravi Kumar) ബൗളിംഗില്‍ തിളങ്ങിയത്.