35.3 C
Kottayam
Tuesday, April 16, 2024

സാഫ് ഫുട്ബോൾ കപ്പ് ഇന്ത്യയ്ക്ക്, ഗോൾവേട്ടയിൽ മെസിയ്ക്കൊപ്പം സുനിൽ ഛേത്രി, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഫൈനലിൽ ഗോൾ നേടി

Must read

മാലെ: നേപ്പാളിനെ(Nepal) എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി സാഫ് കപ്പ് ഫുട്ബോളില്‍(SAFF Championship 2021) ഇന്ത്യക്ക്(India) കിരീടം. സാഫ് കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി(Sunil Chhetri) സുരേഷ് സിംഗ്(Suresh Singh Wangjam), മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്(Sahal Abdul Samad) എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയയുടെ മൂന്ന് ഗോളുകളും പിറന്നത്.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലേത്തേണ്ടതായിരുന്നു. മുഹമ്മദ് യാസിറിന്‍റെ ലോംഗ് റേഞ്ച് ശ്രമം നേപ്പാളി ഗോള്‍ കീപ്പര്‍ കിരണ്‍ ലിംബു അവിശ്വസനീയമായി കുത്തിയകറ്റി. റീബൗണ്ട് ലഭിച്ച അനിരുദ്ധ് ഥാപ്പയുടെ ശക്തമായ ഷോട്ടും തട്ടിയകറ്റി ലാംബ നേപ്പാളിനെ കാത്തു. പതിമൂന്നാം മിനിറ്റില്‍ ഇന്ത്യക്ക് വീണ്ടും അവസരമൊരുങ്ങി. വലുതു വിംഗില്‍ നിന്ന് യാസിര്‍ നല്‍കിയ ക്രോസ് നിയന്ത്രിക്കാന്‍ പക്ഷെ മന്‍വീര്‍ സിംഗിനായില്ല.

പതിനേഴാം മിനിറ്റിലാണ് നേപ്പാളിന് ആദ്യ അവസരം ലഭിച്ചത്. വലതു വിംഗില്‍ നിന്ന് സുജാല്‍ ശ്രേസ്ത നല്‍കിയ ക്രോസ് ഗോളാക്കി മാറ്റാന്‍ പക്ഷെ അനന്ത തമാംഗിന് കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് യാസിറിന്‍റെ ക്രോസില്‍ സുനില്‍ ഛേത്രി തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്കുപോയി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലീഡെടുത്തു. പ്രീതം കോടാലിന്‍റെ പാസില്‍ നിന്ന് സുനില്‍ ഛേത്രിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ഛേത്രിയുടെ ഗോള്‍ വീണതിന്‍റെ ആഘോഷം തീരും മുമ്പെ യാസിറിന്‍റെ തന്നെ ക്രോസില്‍ സുരേഷ് സിംഗ് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 79-ാം മിനിറ്റില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്താന്‍ ഉദാന്ത സിംഗിന് അവസരം ലഭിച്ചെങ്കിലും നേപ്പാള്‍ പ്രതിരോധനിരയിലെ രോഹിത് ചന്ദിന്‍റെ മനോഹരമായ ബ്ലോക്ക് ഗോള്‍ നഷ്ടമാക്കി.

ഒടുവില്‍ 85ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് കളിയുടെ ഇഞ്ചുറി സമയതത് സോളോ റണ്ണിലൂടെ ഗോള്‍ നേടി ഇന്ത്യയുടെ ഗോള്‍പ്പട്ടിക തികച്ചു. ടൂര്‍ണമെന്‍റില്‍ തുടക്കത്തില്‍ നിറം മങ്ങിയ ഇന്ത്യ തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കൊടുവില്‍ നേപ്പാളിനെയും മാലദ്വീപിനെയും തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.

നേപ്പാളിനെതിരെ ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയതോടെ രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ 80 ഗോളുകളുമായി ഛേത്രി അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയ്ക്ക് ഒപ്പമെത്തി. കഴിഞ്ഞ മത്സരത്തില്‍ മാലദ്വീപിനെതിരെ ഇരട്ട ഗോള്‍ നേടി ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ മറികടന്ന ഛേത്രി ഇന്നത്തെ ഗോളോടെ മറ്റൊരു ഇതിഹാസ താരത്തിനൊപ്പമെത്തി.124 മത്സരങ്ങളില്‍ നിന്നാണ് ഛേത്രി 80 ഗോള്‍ നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week