28.4 C
Kottayam
Monday, April 29, 2024

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യൻ ബാഡ്മിന്റൺ ടീം ഫൈനലിൽ,ഹോക്കിയിൽപാകിസ്താനെ മുക്കി

Must read

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ കടന്ന് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ശനിയാഴ്ച നടന്ന സെമിയില്‍ ദക്ഷിണ കൊറിയയോട് ഇഞ്ചോടിഞ്ച് പോരാടിയാണ് (3-2) ഇന്ത്യന്‍ സംഘത്തിന്റെ കന്നി ഫൈനല്‍ പ്രവേശം.

ആദ്യ സിംഗിള്‍സ് മത്സരത്തില്‍ ജിയോണ്‍ ഹൈയോക്കിനെതിരേ ആദ്യം ഗെയിം നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചുവരവ് നടത്തി ജയിച്ചുകയറിയ ലോക ഏഴാം നമ്പര്‍ താരം എച്ച്.എസ് പ്രണോയ് ഇന്ത്യയ്ക്ക് 1-0ന്റെ ലീഡ് സമ്മാനിച്ചിരുന്നു. 18-21, 21-16, 21-19 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ ജയം.

എന്നാല്‍, പിന്നാലെ നടന്ന ഡബിള്‍സ് മത്സരത്തില്‍ സാത്വിക്‌സായിരാജ് രാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം 13-21, 24-26 എന്ന സ്‌കോറിന് ലോക ചാമ്പ്യന്‍മാരായ സിയോ സെയുങ് ജേ – കാങ് മിന്‍ ഹ്യുക് സഖ്യത്തോട് പരാജയപ്പെട്ടതോടെ കൊറിയ 1-1ന് ഒപ്പമെത്തി.

എന്നാല്‍ രണ്ടാം സിംഗിള്‍സ് മത്സരത്തില്‍ ലീ യങ്ങ്യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-9) തകര്‍ത്ത ലക്ഷ്യ സെന്‍ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു (2-1).

പക്ഷേ എം.ആര്‍ അര്‍ജുന്‍ – ദ്രുവ് കപില സഖ്യം 16-21, 11-21 എന്ന സ്‌കോറിന് കിം വോന്‍ഹോ – സങ്‌സെയുങ് സഖ്യത്തോട് തോറ്റതോടെ കൊറിയ വീണ്ടും ഒപ്പം പിടിച്ചു (2-2).

എന്നാല്‍, നിര്‍ണായകമായ മൂന്നാം സിംഗിള്‍സ് മത്സരത്തില്‍ ചോ ജിയോണ്‍യോപ്പിനെതിരേ ആദ്യം ഗെയിം നഷ്ടമായ ശേഷം തിരിച്ചടിച്ച കിഡംബി ശ്രീകാന്ത് 12-21, 21-16, 21-14 എന്ന സ്‌കോറിന് ജയിച്ചുകയറി ടീം ഇന്ത്യയ്ക്ക് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചു.

ഹോക്കിയില്‍ പൂള്‍ എയിലെ മത്സരത്തില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. രണ്ടിനെതിരേ 10 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം പാക് ടീമിനെ കീഴടക്കിയത്. പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.

ഇതാദ്യമായാണ് ഇന്ത്യ – പാക് മത്സരത്തില്‍ ഒരു ടീം 10 ഗോളുകള്‍ നേടുന്നത്. പാക് ടീമിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്.

നാല് ഗോളുകള്‍ നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയ്ക്കായി തിളങ്ങി. 11, 17, 33, 34 മിനിറ്റുകളിലായിരുന്നു ഹര്‍മന്റെ ഗോളുകള്‍. വരുണ്‍ കുമാര്‍ രണ്ട് ഗോളുകള്‍ (41, 53) നേടി. മന്‍ദീപ് സിങ് (8), സുമിത് (30), ഷംഷേര്‍ സിങ് (46), ലളിത് ഉപാധ്യായ് (49) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.സൂഫിയാന്‍ മുഹമ്മദ് (38), അബ്ദുള്‍ റാണ (45) എന്നിവര്‍ പാകിസ്താന്റെ ഗോളുകള്‍ നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week