26.2 C
Kottayam
Thursday, May 16, 2024

ഓപ്പറേഷൻ മൂൺലൈറ്റ്; ബെവ്കോ ഔട്ട്ലെറ്റുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വ്യാപക പരാതിയെ തുടര്‍ന്ന് ഓപ്പറേഷന്‍ മൂണ്‍ലൈറ്റിന്റെ ഭാഗമായായിരുന്നു പരിശോധന. മദ്യം വാങ്ങാനെത്തുന്നവരില്‍ നിന്ന് കൂടുതല്‍ വില ഈടാക്കുന്നതായും കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും വില കൂടിയ ബ്രാന്‍ഡുകള്‍ മാത്രം അടിച്ചേല്‍പ്പിക്കുവെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

ഉദ്യോഗസ്ഥര്‍ മദ്യ കമ്പനി ഏജന്റുമാരില്‍ നിന്ന് പണം പറ്റുന്നതായും പരാതിയുണ്ട്. അന്യസംസ്ഥാനക്കാരില്‍ നിന്നും അമിതവില വാങ്ങി ബില്ലില്ലാതെ മദ്യം വില്‍ക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചു. കേടില്ലാത്ത മദ്യക്കുപ്പികള്‍ക്ക് കേടുവന്നെന്ന് കണക്കുണ്ടാക്കി ബില്ലില്ലാതെ വില്‍പന നടത്തിയെന്നും ആരോപണമുണ്ട്.

ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും വിലവിവരവും ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട്‌ലെറ്റുകളിലും പാലിക്കാറില്ല. മദ്യക്കുപ്പി പൊതിഞ്ഞ് നല്‍കുന്നതിനുള്ള കടലാസ് പല ഉദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നതായും ചില ഔട്ട്‌ലെറ്റുകള്‍ മദ്യം പൊതിയാതെ നല്‍കുന്നതായും പരാതികളുയര്‍ന്നിരുന്നു.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ പതിനൊന്ന് ഔട്ട്‌ലെറ്റുകള്‍, എറണാകുളം ജില്ലയിലെ പത്ത് ഔട്ട്‌ലെറ്റുകള്‍, കോഴിക്കോട് ജില്ലയിലെ ആറ്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 5 വീതം ഔട്ട്‌ലെറ്റുകള്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലെ നാല് വീതം ഔട്ട്‌ലെറ്റുകളുമുള്‍പ്പെടെ 78 ബെവ്‌കോ ഔട്ട്‌ലെറ്റുകളിലാണ് പരിശോധന നടത്തുന്നത്.

അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week