ദുബായ്:ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നമീബിയക്കെതിരേ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് ജയം.നമീബിയ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 15.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
അർധ സെഞ്ചുറി നേടിയ രോഹിത് ശർമയും കെ.എൽ രാഹുലും ഇന്ത്യയ്ക്കായി തിളങ്ങി.രോഹിത് 37 പന്തിൽ നിന്ന് രണ്ടു സിക്സും ഏഴ് ഫോറുമടക്കം 56 റൺസെടുത്തു. 36 പന്തുകൾ നേരിട്ട രാഹുൽ രണ്ട് സിക്സും നാല് ഫോറുമടക്കം 54 റൺസോടെ പുറത്താകാതെ നിന്നു.
നമീബിയ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 15.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.നേരത്തെ ടൂർണമെന്റിൽ നിന്ന് ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ പാകിസ്താനോടും രണ്ടാം മത്സരത്തിൽ ന്യൂസീലൻഡിനോടും നേരിട്ട തോൽവികളാണ് ഇന്ത്യയ്ക്ക് വിനയായത്.
മാത്രമല്ല ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ലോകകപ്പിനു ശേഷം ട്വന്റി 20 ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോച്ച് രവി ശാസ്ത്രിക്കും ടീമിനൊപ്പമുള്ള അവസാന മത്സരമായിരുന്നു ഇത്. ലോകകപ്പോടെ ശാസ്ത്രി ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുകയാണ്. പുതിയ പരിശീലകനായി രാഹുൽ ദ്രാവിഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തിരുന്നു.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ആർ. അശ്വിനും ഇന്ത്യയ്ക്കായി തിളങ്ങി. നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങിയാണ് ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. അശ്വിൻ നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തി.25 പന്തിൽ നിന്ന് രണ്ടു ബൗണ്ടറിയടക്കം 26 റൺസെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്കോറർ.
സ്റ്റീഫൻ ബാർഡ് (21), മൈക്കൽ വാൻ ലിംഗെൻ (14), ക്യാപ്റ്റൻ ജെർഹാർഡ് എറാസ്മസ് (12), ജാൻ ഫ്രൈലിങ്ക് (15*), റൂബൻ ട്രംപൽമാൻ (13*) എന്നിവരാണ് വീസിനെ കൂടാതെ നമീബിയൻ നിരയിൽ രണ്ടക്കം കടന്നവർ.
ക്രെയ്ഗ് വില്യംസ് (0), ലോഫ്റ്റി ഈറ്റൺ (5), ജെ.ജെ സ്മിത്ത് (9), സെയ്ൻ ഗ്രീൻ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ വരുൺ ചക്രവർത്തിക്ക് പകരം രാഹുൽ ചാഹർ ഇടംപിടിച്ചു.