മകളുടെ കിടപ്പുമുറിയില്‍ കാമുകനെ പിതാവ് കണ്ടു,16 കാരിയുടെ പരാതിയിൽ 17 കാരൻ പീഡനക്കുറ്റത്തിന് അറസ്റ്റിൽ

പത്തനംതിട്ട : കാമുകന്‍ തന്നെ പീഡിപ്പിച്ചെന്ന പതിനാറ് വയസുകാരിയുടെ പരാതിയില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

വീടിന്റെ മുകള്‍ ഭാഗത്തായിരുന്നു പെണ്‍കുട്ടിയുടെ കിടപ്പ് മുറി. മുറിയില്‍ നിന്ന് അപരിചിതന്റെ ശബ്ദം കേട്ട് പിതാവ് എത്തി നോക്കിയപ്പോഴാണ് യുവാവിനെ മകള്‍ക്കൊപ്പം കണ്ടെത്തിയത്. പിതാവിനെ കണ്ടതോടെ യുവാവ് മുകളിലത്തെ നിലയില്‍ നിന്ന് ചാടി ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഇയാളെ തടഞ്ഞെങ്കിലും വാഹനം മുന്നോട്ടെടുത്ത് യുവാവ് രക്ഷപ്പെട്ടു.

പിന്നീട് മകളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. ഒരേ സ്‌കൂളില്‍ പഠിക്കുന്ന ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും യുവാവ് വീട്ടില്‍ വന്നിരുന്നു എന്നാണ് വിവരം.

സംഭവത്തില്‍ പെണ്‍കുട്ടിയുടേയും പിതാവിന്റേയും മൊഴി പോലീസ് രേഖപ്പെടുത്തി. പതിനാറുകാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 17 കാരനെതിരെ കേസെടുത്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ്. പെണ്‍കുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തു. യുവാവിന്റെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News