25.8 C
Kottayam
Saturday, May 25, 2024

Delhi test:തകര്‍ന്നടിഞ്ഞ് ഓസ്‌ടേലിയ,ഇന്ത്യയ്ക്ക് 115 റണ്‍സ് വിജയലക്ഷ്യം

Must read

ന്യൂഡൽഹി:ബോർഡര്‍– ഗാവസ്കർ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ. രവീന്ദ്ര ജഡേജയുടെ ഏഴു വിക്കറ്റ് പ്രകടനത്തിൽ ഓസീസ് 113 ന് പുറത്തായി. ഇന്ത്യയ്ക്കു ജയിക്കാൻ 115 റൺസ് വിജയലക്ഷ്യം. 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ സന്ദർശകരാണ് ഇന്ത്യയ്ക്കു മുന്നിൽ തകർന്നത്.

രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ പത്തു വിക്കറ്റും രവീന്ദ്ര ജഡേജയും ആർ. അശ്വിനും വീതിച്ചെടുത്തു. ജഡേജ ഏഴും അശ്വിൻ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. ആദ്യ ഇന്നിങ്സിലെ മൂന്നു വിക്കറ്റും ചേർത്ത് ജഡേജയുടെ വിക്കറ്റു നേട്ടം പത്തായി. ഇതു രണ്ടാം തവണയാണ് ജഡേജ– അശ്വിൻ സഖ്യം ടെസ്റ്റില്‍ എതിരാളികളുടെ പത്തു വിക്കറ്റും വീഴ്ത്തുന്നത്.

2016ൽ ഇംഗ്ലണ്ടിനെതിരായ വാംഖഡെ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അശ്വിൻ ആറും ജഡേജ നാലും വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയതിനു പിന്നാലെ ട്രാവിസ് ഹെഡിനെ പുറത്താക്കി ആർ. അശ്വിനാണു വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. 46 പന്തിൽ 43 റൺസെടുത്ത ഓസീസ് ഓപ്പണറെ അശ്വിൻ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന്റെ കൈകളിലെത്തിച്ചു. ഒൻപതു റൺസ് മാത്രമെടുത്ത സ്റ്റീവ് സ്മിത്ത് ഒരിക്കൽ കൂടി അശ്വിനു മുന്നിൽ കീഴടങ്ങി.

നിലയുറപ്പിച്ചു കളിച്ച മാർനസ് ലബുഷെയ്നെ (50 പന്തിൽ 35) ബോൾഡാക്കി ജഡേജയും മൂന്നാം ദിനം വിക്കറ്റു വീഴ്ത്തി തുടങ്ങി. ലബുഷെയ്നൊപ്പം മാറ്റ് റെൻഷോ (രണ്ട്), പീറ്റർ ഹാൻഡ്സ്കോംബ് (പൂജ്യം), പാറ്റ് കമ്മിൻസ് (പൂജ്യം) എന്നിവരും ഓസീസ് സ്കോർ 95ൽ നിൽക്കെ പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ക്യാരിയെ ബോൾഡാക്കി ജഡേജ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയർത്തി. 113ന് നേഥൻ ലയണിനെയും മാത്യു കുനേമനെയും വീഴ്ത്തിയതോടെ ജഡേജയുടെ വിക്കറ്റുകളുടെ എണ്ണം ഏഴായി.

ഏഴിന് 139 എന്ന നിലയിൽ തകർന്നശേഷം ബാറ്റിങ്ങിൽ ഉജ്വല തിരിച്ചുവരവ് നടത്തിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 262 റൺസിന് ഓൾഔട്ടായിരുന്നു. ഓസ്ട്രേലിയൻ സ്കോറിനെക്കാൾ ഒരു റൺ മാത്രം പിന്നിൽ‌. രവിചന്ദ്രൻ അശ്വിന് ഒപ്പം (37) എട്ടാം വിക്കറ്റിൽ അക്ഷർ നേടിയ 114 റൺസ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഗതി മറ്റൊന്നായേനെ. സ്കോർ: ഓസ്ട്രേലിയ 263, ഇന്ത്യ– 262. 5 വിക്കറ്റെടുത്ത നേഥൻ ലയൺ ഉൾപ്പെടെ ഇന്നലെ ഇന്ത്യയുടെ 9 വിക്കറ്റുകളും നേടിയത് ഓസീസ് സ്പിന്നർമാരാണ്. ലയണിന്റെ കരിയറിലെ 22–ാം 5 വിക്കറ്റ് നേട്ടമായിരുന്നു ഇത്. 3 സ്പിന്നർമാരെ കളിപ്പിക്കാനുള്ള ഓസ്ട്രേലിയൻ തീരുമാനം ഗ്രൗണ്ടിൽ ഫലംകണ്ടു.

നാഗ്പുരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഒരു വിക്കറ്റ് മാത്രം കിട്ടിയ നേഥൻ ലയൺ ഇന്നലെ പിച്ചിന്റെ ആനുകൂല്യം നന്നായി മുതലെടുത്തു പന്തെറിഞ്ഞു. ഇന്ത്യയുടെ ആദ്യ 4 ബാറ്റർമാരിൽ 3 പേരും പുറത്തായത് എൽ‌ബിഡബ്ല്യുവിലാണ്. നേഥൻ ലയൺ എറിഞ്ഞ 17–ാം ഓവറിനു മുൻപ് വിക്കറ്റു പോകാതെ 46 എന്ന നിലയിലായിരുന്നു ഇന്ത്യ. തുടർന്ന് 16 പന്തുകൾക്കിടെ ലയൺ ഇന്ത്യയുടെ 3 ബാറ്റർമാരെ പുറത്താക്കി. കെ.എൽ.രാഹുൽ (17), രോഹിത് ശർമ (32), ചേതേശ്വർ പൂജാര (0) എന്നിവരായിരുന്നു ആദ്യ ഇരകൾ. കരിയറിലെ 100–ാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ പൂജാരയുടെ മടക്കം വലിയ നിരാശയോടെയായി. പിന്നാലെ വന്ന ശ്രേയസ് അയ്യരും  ലയണിനു വിക്കറ്റ് നൽകി മടങ്ങിയതോടെ ഇന്ത്യ 4ന് 66 എന്ന നിലയിൽ തകർന്നു.

ഇന്ത്യൻ ഇന്നിങ്സിലെ രക്ഷാപ്രവർത്തനത്തിന് ആദ്യം തുടക്കമിട്ടത് വിരാട് കോലിയാണ് (44). രവീന്ദ്ര ജഡേജയ്ക്കൊപ്പം (26) അഞ്ചാം വിക്കറ്റിൽ നേടിയത് 59 റൺസ്.  കോലിയെ അരങ്ങേറ്റ താരം മാത്യു ക‌ോനമൻ വീഴ്ത്തിയപ്പോൾ ജഡേജയെ വിക്കറ്റിനു മുന്നിൽ കുരുക്കിയത് മറ്റൊരു സ്പിന്നർ ടോഡ് മർഫി. വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് (6)  രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ ഇന്ത്യ 7ന് 139 എന്ന നിലയിൽ തകർന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week