ഖാലിസ്ഥാന്‍ നേതാവിന്റെ കൊല:തെളിവുണ്ടെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍,ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡ വിടണമെന്ന ഖലിസ്ഥാൻ നേതാവിന്റെ ആഹ്വാനം തള്ളി സർക്കാർ
ന്യൂഡൽഹി: ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡ വിടണമെന്ന ഖലിസ്ഥാൻ നേതാവിന്റെ ആഹ്വാനം കാനഡ സർക്കാർ തള്ളി. കാനഡയിൽ നിന്ന് ഇന്ത്യയിലേക്കു വീസ അനുവദിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതടക്കമുള്ള നടപടികൾക്കു പിന്നാലെയാണ് കാനഡ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് വിദ്വേഷത്തിന് ഇടമില്ലെന്ന് വ്യക്തമാക്കി കാനഡയുടെ പബ്ലിക് സേഫ്റ്റി മന്ത്രാലയം എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഇട്ടു.
കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപട്‌വന്ത് സിങ് പന്നുന്റെ വിഡിയോ പ്രകോപനപരവും വിദ്വേഷജനകവുമാണെന്ന് സർക്കാർ വ്യക്തമാക്കി. വിഡിയോ കനേഡിയൻ പൗരന്മാരോടും അവർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുമുള്ള അനാദരവാണെന്നും പോസ്റ്റിൽ പറയുന്നു. കാനഡയിലുള്ളവർ പരസ്പരം ബഹുമാനിക്കണമെന്നും സർക്കാർ ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുന്നതിനു ദിവസങ്ങൾക്കു മുൻപു തന്നെ പ്രചരിച്ചുതുടങ്ങിയ വിഡിയോയിൽ കാനഡ സർക്കാർ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. വിഡിയോയുടെ പശ്ചാത്തലത്തിൽ ‘ഹിന്ദു ഫോറം കാനഡ’യിലെ അംഗങ്ങൾ സുരക്ഷ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു.
1/2 : There is no place in Canada for hate. The circulation of an online video in which Hindu Canadians are told to leave Canada is offensive and hateful, and is an affront to all Canadians and the values we hold dearly.
— Public Safety Canada (@Safety_Canada) September 22, 2023
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെട്ട ആശയവിനിമയത്തിന്റെ വിവരങ്ങൾ കാനഡയുടെ പക്കലുണ്ടെന്ന് അവിടത്തെ മാധ്യമമായ ‘സിബിസി ന്യൂസ്’ റിപ്പോർട്ട് ചെയ്തു. കാനഡ കൂടി ഭാഗമായ രഹസ്യാന്വേഷണ സഖ്യത്തിലെ (5 Eyes) മറ്റൊരു രാജ്യവും ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുള്ളത്. വീസ നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യയ്ക്കെതിരെ തിരിച്ചടിക്കാൻ കാനഡ ഒരുങ്ങുന്നുവെന്നും സിബിസിയുടെ റിപ്പോർട്ടിലുണ്ട്.
അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ നയതന്ത്ര ഇടപെടൽ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കാനഡയിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെയും പ്രഫഷനലുകളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്കെതിരെ കാനഡ ഉന്നയിച്ച ആരോപണത്തിൽ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇത്തരം കാര്യങ്ങളിൽ ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക ഇളവ് നൽകാനാവില്ലെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജി20 ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവർ ഹർദീപ് സിങ് നിജ്ജാറിന്റെ മരണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആശങ്ക രേഖപ്പെടുത്തിയതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. യുഎസിനു പുറമേ ഓസ്ട്രേലിയ, ന്യൂസീലൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരും ഇക്കാര്യം മോദിയോടു സംസാരിച്ചിരുന്നതായാണു റിപ്പോർട്ട്. എന്നാൽ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മോദിക്കു മുന്നിൽ വിഷയം അവതരിപ്പിച്ചിരുന്നു. സുഹൃദ്‍രാജ്യങ്ങളെ ഒപ്പം നിർത്തി ഇന്ത്യയ്ക്കെതിരെ സംയുക്ത പ്രസ്താവനയ്ക്കും കാനഡ ശ്രമിച്ചിരുന്നു.