25.8 C
Kottayam
Wednesday, April 24, 2024

പെലെയുടെ റെക്കോഡ് മറികടന്ന് ചരിത്രം കുറിച്ച് ഛേത്രി, സാഫ് കപ്പില്‍ ഇന്ത്യ ഫൈനലില്‍

Must read

മാലി: നിർണായകമായ മത്സരത്തിൽ മാലിദ്വീപിനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നേപ്പാളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.

ഇരട്ട ഗോളുകളുമായി തിളങ്ങിയ നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഈ ഇരട്ട ഗോൾ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഛേത്രി പെലെയെ മറികടന്ന് ആറാം സ്ഥാനത്തെത്തി.

വിജയം മാത്രം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആതിഥേയരായ മാലിദ്വീപിനെതിരേ 33-ാം മിനിട്ടിൽ മൻവീർ സിങ്ങിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. ബോക്സിനകത്തേക്ക് ലഭിച്ച ലോങ് പാസ് സ്വീകരിച്ച മൻവീർ മാലി ഗോൾകീപ്പർ ഫൈസലിന് ഒരു സാധ്യതയും നൽകാതെ അനായാസം പന്ത് വലയിലെത്തിച്ചു. എന്നാൽ ഇന്ത്യയുടെ ചിരിയ്ക്ക് 12 മിനിട്ടേ ആയുസ്സുണ്ടായിരുന്നുള്ളൂ.

45-ാം മിനിട്ടിൽ പെനാൽട്ടി ബോക്സിനുള്ളിൽ വെച്ച് പ്രീതം കോട്ടാൽ ഫൗൾ ചെയ്തതോടെ മാലിദ്വീപിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത അലി അഷ്ഫാഖിന് തെറ്റിയില്ല. പന്ത് അനായാസം വലയിലെത്തിച്ച് താരം ആതിഥേയർക്ക് സമനില സമ്മാനിച്ചു.

രണ്ടാം പകുതിയിലാണ് കളി മാറി മറിഞ്ഞത്. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് കളിച്ച ഇന്ത്യ 62-ാം മിനിട്ടിൽ സുനിൽ ഛേത്രിയിലൂടെ ലീഡെടുത്തു. മൻവീർ നൽകിയ പാസ് സ്വീകരിച്ച ഛേത്രി തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ 2-1 ന് മുന്നിലെത്തി.

ഒൻപത് മിനിട്ടുകൾക്ക് ശേഷം ഛേത്രി ഇന്ത്യയുടെ വിജയമുറപ്പിച്ചുകൊണ്ട് വീണ്ടും ഗോളടിച്ചു. ഇത്തവണ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. ബോക്സിനകത്തേക്ക് വന്ന ഫ്രീകിക്ക് മികച്ച ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ഛേത്രി ഇന്ത്യയ്ക്കഭിമാനമായി.

ഈ ഇരട്ട ഗോളുകളോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. 123 മത്സരങ്ങളിൽ നിന്നാണ് താരം 79 ഗോളുകൾ നേടിയത്. ഇതോടെ ഇതിഹാസ താരം പെലെയെ മറികടന്ന ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഛേത്രി ആറാം സ്ഥാനത്തേക്കുയർന്നു. പെലെയ്ക്ക് 77 ഗോളുകളാണുള്ളത്. ഒപ്പം ഇറാഖിന്റെ ഹുസ്സൈൻ സയീദ്, യു.എ.ഇയുടെ അലി മബ്ഖൗത്ത് എന്നിവരെയും മറികടന്നു. ഈ താരങ്ങൾ ഏഴാം സ്ഥാനത്താണ്. ഇരുവർക്കും 78 ഗോളുകളാണുള്ളത്.

നേപ്പാളുമായുള്ള ഇന്ത്യയുടെ ഫൈനൽ മത്സരം ഒക്ടോബർ 16 ന് വൈകിട്ട് 8.30 ന് നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week