27.1 C
Kottayam
Monday, May 6, 2024

തിരുവനന്തപുരം വിമാനത്താവളം ഇന്ന് മുതൽ അദാനിക്ക് സ്വന്തം

Must read

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം ഇന്ന് മുതൽ അദാനിക്ക് സ്വന്തം. വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാർ അദാനി ഗ്രൂപ്പ് ഒപ്പിട്ടു. എയർപോട്ട് ഡയറക്ടർ സി രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവു കരാർ രേഖകൾ ഏറ്റുവാങ്ങി. 50 വര്‍ഷത്തേക്കാണ് കരാര്‍. വിമാനത്താവളം ഏറ്റെടുക്കലിനെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതിയിൽ പരിഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്.

ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്. പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

നിലവിലുള്ള ജീവനക്കാരെ മൂന്ന് വർഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാർക്ക് എയര്‍പോര്‍ട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റിൽ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടില്ലെങ്കിലും തടസ്സമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. വിമാത്താവളത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന് ഇത് ബാധകമാകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week