വൻമതിൽ തീർത്ത് ശ്രീജേഷ്; പാരീസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമിയിൽ
പാരീസ്: ഒളിമ്പിക്സ് ഹോക്കിയുടെ ക്വാർട്ടർ ഫൈനലിൽ എതിരാളിയായ ഗ്രേറ്റ് ബിട്ടനെ തകർത്ത് സെമിയിൽ കടന്ന് ഇന്ത്യ. നിശ്ചിത സമയത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം സമനില നേടിയതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ബ്രിട്ടീഷ് ആക്രമണത്തിൽ നിന്ന് ഗോൾ പോസ്റ്റിന് മുന്നിൽ വൻ മതിൽ തീർത്ത മലയാളി താരവും ഗോൾ കീപ്പറുമായ പി ആർ ശ്രീജേഷാണ് ഇന്ത്യയുടെ വിജയശിൽപ്പി.
മത്സരത്തിനിടെ പത്ത് പേരായി ചുരുങ്ങിയിട്ടും ഇന്ത്യ കരുത്തോടെ പൊരുതുകയായിരുന്നു. മത്സരത്തിന്റെ 22ാം മിനിട്ടിൽ ഇന്ത്യൻ നായകൻ ഹർമൻ പ്രീത് സിംഗ് ഗോൾ നേടി ലീഡ് ഉയർത്തിയെങ്കിലും 27ാം മിനിട്ടിൽ ബ്രിട്ടന്റെ ലീ മോർട്ടൻ തിരിച്ചടിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4- 2നാണ് ഇന്ത്യയുടെ വിജയം. സെമിയിൽ ജർമനി അല്ലെങ്കിൽ അർജന്റീനയാകും ഇന്ത്യയുടെ എതിരാളി.
മൂന്ന് വിജയങ്ങളും ഓരോ സമനിലയും തോൽവിയുമടക്കം 10 പോയിന്റുള്ള ഇന്ത്യ പൂൾ ബിയിൽ രണ്ടാം സ്ഥാനത്തായിരുന്നു പൂൾ എയിലെ മൂന്നാം സ്ഥാനക്കാരാണ് ബ്രിട്ടൻ. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 3-2ന് തോൽപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. തുടർന്ന് അർജന്റീനയുമായി 1-1ന് സമനിലയിൽ പിരിഞ്ഞ ശേഷം അയർലാൻഡിനെ 2-0 എന്ന സ്‌കോറിൽ തോൽപ്പിച്ചു.
ബെൽജിയത്തോട് 1-2ന് തോറ്റെങ്കിലും അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ 3-2ന് കീഴടക്കി. 52 വർഷത്തിന് ശേഷമായിരുന്നു ഹോക്കിയിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നത്. 1976ൽ മോൺട്രിയോൾ ഒളിമ്പിക്സിൽ ഹോക്കി കൃത്രിമ ടർഫിലേക്ക് മാറിയതിന് ശേഷമുള്ള ഓസ്ട്രേലിയയ്ക്ക് എതിരായ ഇന്ത്യയുടെ ആദ്യ ജയമായിരുന്നു അത്.