ന്യൂഡല്‍ഹി:ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന മാരത്തോണ്‍ ചര്‍ച്ച അവസാനിച്ചു. ഇരുരാജ്യത്തെയും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ച 14 മണിക്കൂറോളം നീണ്ടു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും മോസ്‌കോയില്‍ സെപ്റ്റംബര്‍ 10ന് അംഗീകരിച്ച അഞ്ചിന പരിപാടി സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ചര്‍ച്ചയില്‍.
സംഘര്‍ഷ മേഖലകളില്‍നിന്ന് ചൈന ആദ്യം പിന്‍വാങ്ങണമെന്ന നിര്‍ദേശം ഇന്ത്യ ശക്തമായി ഉന്നയിച്ചതായാണ് വിവരം. എന്നാല്‍ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശം സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളുടേയും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ആറാം വട്ട ചര്‍ച്ചയാണിത്. ഇന്ത്യയുടെ ലഫ്. കമാന്‍ഡര്‍ ഹരീന്ദര്‍ സിങ്ങാണ് ചൈന നിയന്ത്രണത്തിലുള്ള മാള്‍ഡയില്‍ നടന്ന ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്. ഇതാദ്യമായി വിദേശകാര്യ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി പദവിയുള്ള ഉദ്യോഗസ്ഥനും പങ്കെടുത്തു.
കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോങ് സോ തടാകത്തിന്റെ വടക്കുഭാഗം ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഇന്ത്യ ചൈന സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്നത്. മൂന്നിലധികം തവണയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് തടസ്സപ്പെടുത്താന്‍ ചൈനീസ് സൈന്യം ശ്രമിച്ചിട്ടുള്ളത്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി നേരത്തെ അഞ്ച് തവണ ചര്‍ച്ച നടത്തിയെങ്കിലും കിഴക്കന്‍ ലഡാക്കില്‍ നിന്ന് ഏപ്രിലിന് മുമ്ബായി സൈന്യത്തെ പിന്‍വലിക്കാനുള്ള സൈന്യം തല്‍സ്ഥിതി പാലിക്കാനുള്ള നിര്‍ദേശം ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല.