കോളുകള്‍ക്കും ഡാറ്റയ്ക്കും നിയന്ത്രണം വരുന്നു; അടുത്തമാസം മുതല്‍ നിരക്ക് കുത്തനെ ഉയരും
മുംബൈ: അടുത്ത മാസ മുതല്‍ ഡേറ്റ-കോള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്താനൊരുങ്ങി മൊബൈല്‍ സേവനദാതാക്കള്‍. ഏറെക്കാലത്തിനുശേഷമാണ് മൊബൈല്‍ ടെലികോം വിപണിയില്‍ നിരക്കുവര്‍ധ. ‘സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം’ എന്നു വിശദീകരിച്ചുകൊണ്ടായ എയര്‍ടെലും വോഡഫോണും ഐഡിയയും ഡിസംബര്‍ ഒന്നുമുതല്‍ നിരക്കു വര്‍ധിപ്പിക്കുന്നത്. വര്‍ധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളില്‍ എന്നോ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ഇരു കമ്പനികളും പറയുന്നു.
റിലയന്‍സ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എന്‍എലും നിരക്കു വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല. സുപ്രീം കോടതി ഉത്തരവനുസരിച്ചു സര്‍ക്കാരിനു നല്‍കാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയര്‍ടെല്‍ ജൂലൈ-സെപ്റ്റംബര്‍ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോണ്‍ ഐഡിയ 50921 കോടി രൂപയുടെയും നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.