ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
കൊല്‍ക്കത്ത: ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ അഞ്ചുലക്ഷം വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി കാമുകന്‍ മുങ്ങി. കൊല്‍ക്കത്തയിലാണ് സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളുടെയൊപ്പം ജീവിക്കുന്നതിനായാണ് യുവതിയായ വീട്ടമ്മ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയത്. പോലീസുകാരനാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് യുവാവ് യുവതിയെ പറ്റിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. ഓഗസ്റ്റില്‍ സോഷ്യല്‍ മീഡിയ വഴിയാണ് യുവാവ് വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയെ പരിചയപ്പെടുന്നത്. യുവതിയുമായി പ്രണയത്തിലായതിനെത്തുടര്‍ന്ന് ഒരുമിച്ച് ജീവിക്കണമെന്നും ഭര്‍ത്താവിനെ ഉപേക്ഷിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതുപ്രകാരം കഴിഞ്ഞയാഴ്ച ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്, ആഭരണങ്ങളെടുത്ത് യുവതി കാമുകനൊപ്പം മുങ്ങുകയായിരുന്നു.
യുവതിക്കൊപ്പം യുവാവ് നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ ഇരുചക്രവാഹനത്തില്‍ കറങ്ങി നടന്നു. യുവതി വീടുവിട്ടത് ഭര്‍ത്താവ് അറിഞ്ഞെന്നും വീട്ടില്‍ ആകെ പ്രശ്‌നമാണെന്നും യുവാവ് യുവതിയെ ധരിപ്പിച്ചു. അനന്തപൂരിനടുത്തുള്ള ബസ്സ്റ്റാന്‍ഡില്‍ യുവതിയെ ഇറക്കിയ ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഇവയുമായി യുവാവ് സ്ഥലം കാലിയാക്കുകയായിരുന്നു. യുവതി ഏറെ നേരം ബസ്സ്റ്റാന്‍ഡില്‍ കാത്തിരുന്നെങ്കിലും യുവാവ് മടങ്ങി വന്നില്ല. രാത്രി പത്തുമണിയ്ക്ക് പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് യുവതിയെ കണ്ടെത്തി.കാര്യങ്ങള്‍ മനസ്സിലാക്കിയ യുവതിയെ വീട്ടിലെത്തിച്ചു. യുവതിയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.