തിരുവനന്തപുരം : ഭക്ഷണം കഴിച്ചതിനു ശേഷം ഒരു രൂപ ബാക്കിനൽകാത്തതിന് വൃദ്ധരായ ഹോട്ടൽ ഉടമകളെ ആക്രമിച്ച കേസിലെ പ്രതിക്ക് കടുത്ത ശിക്ഷ തന്നെ വിധിച്ച് കോടതി. നെടുമങ്ങാട് ആനാട് അജിത് ഭവനിൽ അജിത്തിനെയാണ് കോടതി 15 വർഷം കഠിനതടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചത് . സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് വിധി പ്രസ്താവിച്ചത്.
നെടുമങ്ങാട് പഴകുറ്റി സ്വദേശികളായ രഘുനാഥനും ലീലാമണിയും നടത്തുന്ന ഹോട്ടലിലെത്തിയ അജിത്ത് അവിടെനിന്ന് ഭക്ഷണം കഴിച്ചു. തുടർന്ന് ഇദ്ദേഹം കഴിച്ചതിന്റെ ബാക്കിയായി ലീലാമണി നാല് രൂപ നൽകി. ഇതിൽ ഒരു രൂപ കുറവുണ്ടെന്നും അത് വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഉടനെ കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളിൽ നിന്ന് ഒരു രൂപ വാങ്ങി നൽകിയെങ്കിലും പ്രകോപിതനായ പ്രതി കടയിൽ ചായക്ക് തിളച്ചു കൊണ്ടിരുന്ന ചൂടുവെള്ളം വൃദ്ധദമ്പതിമാരുടെ ദേഹത്തേക്ക് ഒഴിച്ചുവെന്നാണ് കേസ്.
പ്രതി ഒരു തരത്തിലും മാപ്പ് അര്ഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി പരമാവധി ശിക്ഷ വിധിക്കണമെന്ന പ്രോസിക്യൂഷൻ ന്റെ വാദം അംഗീകരിക്കുകയായിരുന്നു.