NationalNewsPolitics

തെലങ്കാനയില്‍ ടിആര്‍എസ്സുമായി ധാരണാപത്രം ഒപ്പുവച്ച് പ്രശാന്ത് കിഷോറിന്‍റെ ഐപാക്ക്, കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു

ന്യൂഡൽഹി:: കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കിടെ തെലങ്കാനയില്‍ ടിആര്‍എസ്സുമായി ധാരണാപത്രം ഒപ്പുവച്ച് പ്രശാന്ത് കിഷോറിന്‍റെ ഐപാക്ക് (IPAC). വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ടിആര്‍എസ്സ് ഐപാക്കിനെ ചുമതലപ്പെടുത്തി. ഐപാക്ക് സ്വതന്ത്ര സംവിധാനമാണെന്നും പ്രശാന്ത് കിഷോറുമായല്ല കരാറെന്നും ടിആര്‍എസ് വിശദീകരിച്ചു. കോണ്‍ഗ്രസ് മുക്ത മൂന്നാം മുന്നണിക്ക് ചന്ദ്രശേഖര്‍ റാവു (K Chandrasekhar Rao)ശ്രമം തുടരുന്നതിനിടെയാണ് പുതിയ നീക്കം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ പ്രശാന്ത് കിഷോറുമായി മൂന്ന് ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണ. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ടിആര്‍എസ്സിനായി ഐപാക്ക് തന്ത്രങ്ങള്‍ ആവിഷകരിക്കും. ഒരു വര്‍ഷം മുന്നേ തുടക്കമിടുന്ന പ്രചാരണങ്ങള്‍ ഐപാക്ക് ഏകോപിപ്പിക്കും. നൂതന പ്രചാരണ പദ്ധതികള്‍ നടപ്പാക്കും. സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ പുതിയ കര്‍മ്മ പദ്ധതിയടക്കം നടപ്പാക്കാനാണ് ധാരണ.

തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഇനി ഐപാക്കിന്‍റെ മാര്‍ഗനിര്‍ദേശമുണ്ടാകുമെന്ന് ടിആര്‍എസ് വ്യക്തമാക്കി. പ്രശാന്ത് കിഷോറുമായല്ല സ്വതന്ത്ര സംവിധാനമായ ഐപാക്കുമായാണ് കരാറെന്നും ടിആര്‍എസ് വിശദീകരിക്കുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചാലും പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട ഐപാക്കിന്‍റെ പ്രവര്‍ത്തനവുമായി ബന്ധമില്ലെന്നാണ് ടിആര്‍എസ്സിന്‍റെ വാദം.

പ്രശാന്ത് കിഷോറിന്‍റെ നീക്കത്തിൽ തെലങ്കാന കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഹൈക്കമാന്‍ഡിനോട് സംസ്ഥാന നേതൃത്വം പരാതി അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലും ഐപാക്ക് സഹകരണം തുടരുമെന്നാണ് ടിആര്‍എസ് നിലപാട്. കോണ്‍ഗ്രസ് വിരുദ്ധ ഫെഡറല്‍ മുന്നണിക്ക് മുന്നിട്ടിറങ്ങിയ നേതാവാണ് ചന്ദ്രശേഖര്‍ റാവു. സ്റ്റാലിന്‍, മമത, ഉദ്ദവ് താക്കറെ അടക്കമുള്ളവരുമായി നേരത്തെ കെസിആര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കെസിആറിന് കൈകൊടുത്ത തെലങ്കാന നീക്കത്തിന്‍റെ പേരില്‍ പ്രശാന്ത് കിഷോറിനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വം ഉന്നയിക്കുന്നത്.

പ്രശാന്ത് കിഷോറിന്റെ പദ്ധതികൾ അംഗീകരിക്കണമോയെന്നതിൽ കോൺഗ്രസ് ഉടൻ തീരുമാനമെടുക്കും നിർണായക ചർച്ചകൾക്കായി മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിൽ ചർച്ച നടത്തുകയാണ്. പ്രശാന്ത് കിഷോറിനെ ഉയർന്ന പദവി നൽകി കോൺഗ്രസിൽ എടുക്കുന്നതിലുള്ള നേതാക്കളുടെ എതിർപ്പ് അടക്കം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

പിചിദംബരം, എ കെ ആൻറണി, ജയറാം രമേശ്, കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരാണ് സോണിയ ഗാന്ധിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്. പ്രശാന്ത് കിഷോർ അവതരിപ്പിച്ച പദ്ധതികൾ കോൺഗ്രസിൽ നടപ്പാക്കണമോയെന്നതിലെ നിർണായക കൂടിയാലോചനകൾക്കായാണ് യോഗം ചേരുന്നത്.

പ്രശാന്ത് കിഷോറിന് വലിയ പദവി നൽകി പാർട്ടിയിൽ ഉൾപ്പെടുത്തണമോയെന്നതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമുണ്ട്. ബിജെപിയോടൊപ്പം സഹകരിച്ചതടക്കം ചൂണ്ടിക്കാട്ടി പ്രശാന്ത് കിഷോറിനെ പൂർണ വിശ്വാസത്തിലെടുക്കാൻ കഴിയില്ല എന്നതാണ് ചില നേതാക്കളുടെ അഭിപ്രായം. തൃണമൂൽ കോൺഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി പാർട്ടികളുമായി പ്രശാന്ത് കിഷോർ സഹകരിക്കുന്നതും എതിർപ്പിന് കാരണമാണ്.

കൺസൾട്ടന്റ് എന്ന നിലയിൽ മാത്രം സഹകരിച്ചു മുന്നോട്ടു പോയാൽ മതിയെന്നാണ് ചില നേതാക്കൾ അഭിപ്രായപ്പെടുന്നത്. എന്നാൽ പ്രശാന്ത് കിഷോറിനെ പാർട്ടിയിൽ ഉൾപ്പെടുത്തി മുന്നോട്ടു പോകണം എന്ന് നിലപാട് ഉള്ളവർ ആ അഭിപ്രായം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാം സോണിയാഗാന്ധിയുടെ തീരുമാനമാകും നിർണായകമാവുക.പ്രശാന്ത് കിഷോറിന്റെ പദ്ധതികളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതി ഇനിയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല എന്നാണ് സൂചന.

ഇന്നത്തെ യോഗത്തിൽ പ്രശാന്ത് കിഷോറും സ്ഥലത്തില്ലാത്തതിനാൽ രാഹുൽഗാന്ധിയും പങ്കെടുക്കുന്നില്ല.തെലങ്കാന രാഷ്ട്ര സമിതിയും തൃണമൂൽ കോൺഗ്രസ്സുമായ സഹകരിക്കുന്ന പ്രശാന്ത് കിഷോർ ഇവർ അടക്കമുള്ള പാർട്ടികളുമായി കോൺഗ്രസ് സഖ്യത്തിൽ ആകണമെന്ന് പദ്ധതികളിൽ നിർദ്ദേശം വച്ചിട്ടുണ്ട്. എന്നാൽ തെലങ്കാനയിൽ ടിആർഎസുമായി സഹകരിക്കുന്നില്ല എന്നാണ് കോൺഗ്രസിൻറെ ഇപ്പോഴത്തെ നിലപാട്. അതേസമയം കോൺഗ്രസിലേക്ക് എത്തണമെങ്കിൽ തെരഞ്ഞെടുപ്പ് ചുമതലകൾ പ്രശാന്ത് കിഷോറിനെ ഏൽപ്പിക്കണം എന്നാണ് ഗുജറാത്തിൽ നരേഷ് പട്ടേലിന്റെ നിർദേശം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച നേതൃത്വം പ്രശ്ന്ത് കാര്യത്തിൽ ഈയാഴ്ച തന്നെ തീരുമാനമെടുക്കാനാണ് സാധ്യത

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker