KeralaNews

K Rail: കണ്ണൂരിൽ കെ റെയിൽ കല്ലിടൽ തടയാനെത്തിയ കോൺ​ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം,വിദഗ്ദ സംവാദം വ്യാഴാഴ്ച

കണ്ണൂ‍ർ: സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ സിപിഎം –  കോൺ​ഗ്രസ് പ്രവ‍ർത്തകർ തമ്മിൽ സംഘർഷം
കണ്ണൂർ ന​ഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ മാറി നാടാലിൽ ആണ് സംഭവം. ഇന്ന് രാവിലെ സ‍ർവേ നടപടികൾ പൊലീസ് സംരക്ഷണയിൽ പുരോ​ഗമിക്കുന്നതിനിടെ കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് നീക്കം ചെയ്തതിന് പിന്നാലെ എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സിപിഎം പ്രവർത്തകർ സ്ഥലത്ത് എത്തുകയും സംഘർഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു. 

കോൺ​ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചു വിട്ടു. കോൺ​ഗ്രസുകാരെ കൈയ്യേറ്റം ചെയ്ത രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സിപിഎം നേതാക്കളും പൊലീസ് ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. ഉച്ചയ്ക്ക് ശേഷം സ‍ർവേ തുടരുമ്പോൾ സിപിഎം പ്രവർത്തകർ പ്രദേശവാസികളോട് സംസാരിച്ചു. ഇതോടെ പരസ്യമായ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ വീട്ടുകാരാരും തയ്യാറായില്ല. 

സിപിഎം, കോൺ​ഗ്രസ് പ്രവർത്തകർ രണ്ടിടത്തും സംഘടിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി. സംഘർഷത്തിനും പ്രതിഷേധത്തിനും ഇടയിലും കല്ലിടൽ പുരോ​ഗമിക്കുകയാണ്. വികസനത്തിനായി വീടും സ്ഥലവും വിട്ടു കൊടുക്കാൻ ആളുകൾ തയ്യാറാണെങ്കിൽ അതിനെ അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ലെന്നും കണ്ണൂർ നഗരത്തിൽ നിന്നുള്ള കോൺ​ഗ്രസുകാരാണ് പ്രതിഷേധത്തിനായി നാടാലിലേക്ക് വരുന്നതെന്നും സിപിഎം പ്രവർത്തകർ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന സംവാദത്തില്‍ നിന്ന് ഇടതുപക്ഷ രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകന്‍ ജോസഫ് സി. മാത്യുവിനെ ഒഴിവാക്കും. പദ്ധതിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെയടക്കം പങ്കെടുപ്പിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദത്തില്‍ നിന്നാണ് ജോസഫ് സി. മാത്യുവിനെ മാറ്റുന്നത്.

പദ്ധതിയെ വിമര്‍ശിക്കുന്ന അലോക് വര്‍മ, ആര്‍. വിജി മേനോന്‍, ജോസഫ് സി. മാത്യു എന്നിവരെയും അനുകൂലിക്കുന്ന മൂന്ന് വിദഗ്ധരെയും പങ്കെടുപ്പിച്ചാണ് സംവാദം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.

വ്യാഴാഴ്ചയാണ് സംവാദം നടക്കുന്നത്. സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്ന മൂന്നുപേരുടെ പാനലില്‍ നിന്ന് ഡിജിറ്റല്‍ സര്‍വകലാശാല വി.സി. സിജി ഗോപിനാഥനെയും മാറ്റും. സജി ഗോപിനാഥ് സ്ഥലത്തില്ലാത്തതാണ് അദ്ദേഹത്തെ മാറ്റാന്‍ കാരണം.

എന്നാല്‍, നേരത്തെ തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സംവാദത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. പക്ഷെ ഒഴിവാക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നും ജോസഫ് സി. മാത്യു പ്രതികരിച്ചു.ജോസഫ് സി. മാത്യുവിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടില്ലെന്ന് കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സില്‍വര്‍ ലൈനില്‍ പ്രതിഷേധം കനത്തതോടെയാണ് വിദഗ്ധരെ സംസ്ഥാന സര്‍ക്കാര്‍ സംവാദത്തിന് ക്ഷണിച്ചത്.

പദ്ധതിയെ വിമര്‍ശിക്കുന്ന അലോക് വര്‍മ പദ്ധതിക്കായി പ്രാരംഭ പഠനം നടത്തിയ മുന്‍ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട വര്‍മ ഡി.പി.ആറിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.അനുകൂലിക്കുന്ന പാനലില്‍ മുന്‍ റെയില്‍വെ എഞ്ചിനീയര്‍ സുബോധ് ജെയിന്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് രഘുചന്ദ്രന്‍നായര്‍ എന്നിവരാണുള്ളത്. ശാസ്ത്ര സാങ്കേതിക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.പി. സുധീര്‍ മോഡറേറ്ററായാണ് സംവാദം സംഘടിപ്പിക്കുന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker