കുടുംബ വഴക്കിനെ തുടര്‍ന്ന് കോട്ടയത്ത് വീട്ടമ്മയെ ഭര്‍ത്താവും മകനും ചേര്‍ന്ന് പൂട്ടിയിട്ടു; ഒടുവില്‍ മോചിപ്പിച്ചത് പോലീസെത്തി

മുണ്ടക്കയം: കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ ഭര്‍ത്താവും മകനും ചേര്‍ന്ന് വീട്ടില്‍ പൂട്ടിയിട്ടു. ഒടുവില്‍ മോചിപ്പിച്ചത് പോലീസും നാട്ടുകാരുമെത്തി. ഇളങ്കാട് കൊടുങ്ങവയലില്‍ ജെസിയെയാണ് ഭര്‍ത്താവ് പൂട്ടിയിട്ടത്. ജെസി ഈ വിവരം പഞ്ചായത്ത് അംഗത്തെ അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്ത് അംഗം സിന്ധു മുരളി, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ കലക്ടര്‍, പോലീസ് എന്നിവരെ വിവരം അറിയിച്ചു.

തുടര്‍ന്ന് മുണ്ടക്കയം പോലീസ് എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ജെസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് വര്‍ക്കി, മകന്‍ ജെറിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ദീര്‍ഘകാലമായി ഇവര്‍ക്കിടയില്‍ കുടുംബ വഴക്ക് നടക്കുന്നതായാണ് വിവരം.

രണ്ട് നിലയുള്ള വീട്ടില്‍ താഴെയാണ് ജെസി താമസിച്ചിരുന്നത്. ഭര്‍ത്താവും ഇളയ മകനും മുകള്‍നിലയിലുമാണ് താമസം. വീടിന്റെ ഗേറ്റ് വാര്‍ക്കമ്പി ഉപയോഗിച്ച് വെല്‍ഡ് ചെയ്ത നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News