ലൂഡോ മത്സരത്തില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു; പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ നട്ടെല്ലൊടിച്ചു

വഡോദര: ലുഡോ മത്സരത്തില്‍ തുടര്‍ച്ചയായി തോറ്റതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ നട്ടെല്ലൊടിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. നട്ടെല്ലിന് പരിക്കേറ്റ 24 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോക്ക്ഡൗണ്‍ ആയതിനാല്‍ പുറത്തിറങ്ങാനാവാതെ വന്നതോടെ ദമ്പതികള്‍ വീട്ടില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ ലുഡോ ഗെയിം കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കളി തുടങ്ങിയ ശേഷം തുടര്‍ച്ചയായി മൂന്ന്, നാല് കളികളില്‍ ഭാര്യ ഭര്‍ത്താവിനെ പരാജയപ്പെടുത്തി. തുടര്‍ച്ചയായി തോറ്റ ദേഷ്യത്തില്‍ ഭര്‍ത്താവ് ഭാര്യയോട് തട്ടിക്കയറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ഭര്‍ത്താവിന് സ്വകാര്യ ഇലക്‌ട്രോണിക് കമ്പനിയിലാണ് ജോലി. ഭാര്യ ട്യൂഷനെടുക്കുകയും ബ്യൂട്ടീഷനായി ജോലി ചെയ്തും വരികയായിരുന്നു. ചികിത്സക്ക് ശേഷം ഭര്‍ത്താവിനൊപ്പം പോകാന്‍ വിസമ്മതിച്ച യുവതി മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ കൗണ്‍സിലിങ്ങില്‍ ഭര്‍ത്താവ് ക്ഷമ ചോദിക്കുകയും ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യമുണ്ടെന്നും വ്യക്തമാക്കി.

ഭര്‍ത്താവ് മാപ്പപേക്ഷിച്ചതിനാല്‍ കേസെടുക്കേണ്ടെന്ന് പറഞ്ഞ യുവതി മാതാപിതാക്കളോടൊപ്പം കുറച്ച് ദിവസം ചെലവഴിച്ച ശേഷം ഭര്‍ത്താവിന്റെ അടുത്തേക്ക് തന്നെ മടങ്ങിവരുമെന്ന് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News