കോട്ടയവും ഇടുക്കിയും റെഡ് സോണിൽ കോട്ടയത്ത് 6,ഇടുക്കിയിൽ 4,സംസ്ഥാനത്ത് 13 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കാെവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളത്തിൽ അറിയിച്ചു. കോട്ടയം 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്നു വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍ അഞ്ചുപേര്‍ തമിഴ്നാട്ടില്‍നിന്നുള്ളവരാണ്. ഒരാള്‍ വിദേശം, ഒരാള്‍ക്ക് എങ്ങനെ ബാധിച്ചു എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബാക്കിയുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. കണ്ണൂര്‍ 6, കോഴിക്കോട് 4, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
ഇതുവരെ 481 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 123 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 20,301 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 19,812 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 23,271 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 22,537 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹ്യസമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അവയില്‍ 611 സാമ്പിളുകള്‍ നെഗറ്റീവായി റിസള്‍ട്ട് വന്നിട്ടുണ്ട്. കോവിഡ് പരിശോധന വ്യാപകമാക്കണമെന്ന തീരുമാനത്തിന്‍റെ ഭാഗമായി ഇന്നലെ മാത്രം 3056 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
സംസ്ഥാനത്തെ ഹോട്ട്സ്പോര്‍ട്ടുകളില്‍ മാറ്റം വന്നിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളെ കൂടി റെഡ്സോണ്‍ ആയി പ്രഖ്യാപിക്കുകയാണ്. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകള്‍ ഇന്ന് ഹോട്ട്സ്പോട്ടുകളായി.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട് ജില്ലകളില്‍ ഇപ്പോള്‍ കോവിഡ് ബാധിച്ച് ആരും ചികിത്സയിലില്ല.
ഇന്ന് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നത് പ്രധാനമായും ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കുമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് സംസാരിച്ചിരുന്നു. കേരളം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന കാര്യങ്ങള്‍ നേരത്തേ അറിയിക്കുന്നത് നന്നാവും എന്നുകൂടി അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ കേരളത്തിന്‍റെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ധരിപ്പിക്കുകയുണ്ടായി.
കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ സംസ്ഥാനം വരുത്തിയിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ശ്രദ്ധാപൂര്‍വ്വമായ സമീപനം വേണം എന്നാണ് സംസ്ഥാനത്തിന്‍റെ അഭിപ്രായം. സംസ്ഥാനങ്ങളുടെ സവിശേഷത കൂടി പരിഗണിക്കുന്ന ദേശീയ നയമാണ് ആവശ്യം. ഭാഗികമായ ലോക്ക്ഡൗണ്‍ മെയ് 15 വരെ തുടരാവുന്നതാണ് എന്നാണ് കേരളത്തിന്‍റെ അഭിപ്രായം. അന്നത്തെ സാഹചര്യം പരിശോധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാവുന്നതാണ്.
തൊട്ടു മുമ്പത്തെ ആഴ്ചയില്‍ കോവിഡ് 19 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടങ്ങള്‍, പൊതുഗതാഗതം തുടങ്ങിയവ നിയന്ത്രിച്ചും നിലനിര്‍ത്തിക്കൊണ്ടും ശാരീരിക അകലം പാലിച്ചും ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കാം എന്ന് കേരളം അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്തര്‍ ജില്ല, അന്തര്‍ സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കുകയും വേണം.
പിപിപി കിറ്റുകളുടെയും മറ്റും ആവശ്യകത കുതിച്ചുയരുകയാണ്. ടെസ്റ്റിങ്ങിന് വിധേയമാക്കേണ്ട ആളുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവയുടെ സമാഹരണത്തിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കണം.
പ്രവാസികളുടെ കൂട്ടത്തില്‍ വളരെ ചെറിയ വരുമാനം ഉള്ളവരും ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരും പാര്‍ട് ടൈം വരുമാനം നിലച്ച വിദ്യാര്‍ത്ഥികളും ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവരും ഉണ്ട്. ഇവര്‍ക്ക് തിരിച്ചുവന്നേ മതിയാകൂ. ഇവരുടെ വിമാന യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തികമായ പിന്തുണ അനിവാര്യമാണ്. അവര്‍ക്കു വേണ്ടി പുനരധിവാസ പാക്കേജ് കേന്ദ്ര ഗവണ്‍മെന്‍റ് അടിയന്തരമായി പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന സ്കീമുകള്‍ക്കും രൂപം നല്‍കണം.
ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ക്കായി പോയവര്‍, ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ നിവൃത്തിയില്ലാത്തവര്‍, ചികിത്സാ സഹായം ആവശ്യമുള്ളവര്‍ എന്നിവരെ തിരിച്ചു കൊണ്ടുവരുന്നതില്‍ പ്രഥമ പരിഗണന നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
നാല് ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ നിലവില്‍ കേരളത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരെ ഘട്ടം ഘട്ടമായി തിരികെ നാട്ടിലെത്തിക്കുന്നതിന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുടെയും നഴ്സുമാരുടെയും കാര്യത്തില്‍ കേന്ദ്രം അടിയന്തര ശ്രദ്ധ പതിപ്പിക്കണം. ഇവര്‍ക്ക് ശുചിത്വമുള്ള ക്വാററ്റൈന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സത്വര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നാണ് സംസ്ഥാനത്തിന്‍റെ താല്‍പര്യം.
കോവിഡ് 19 ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിന് സാങ്കേതികവിദ്യ ശരിയായി വിനിയോഗിക്കാന്‍ കേരള സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ട്രാക്കിങ്, ട്രെയ്സിങ്, ക്വാററ്റൈന്‍ നിരീക്ഷണം എന്നിവയ്ക്ക് സാങ്കേതിക വിദ്യ അനിവാര്യമാണ്. ഇന്ത്യാ ഗവണ്‍മെന്‍റ് വികസിപ്പിച്ച ആരോഗ്യ സേതു ആപ്പ് പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ആരോഗ്യ സേതു അപ്ലിക്കേഷനില്‍ കേരള സംസ്ഥാനവുമായി ബന്ധപ്പെട്ട ഡാറ്റകളൊന്നും പങ്കിട്ടിട്ടില്ല എന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.
ലോക്ക്ഡൗണിന്‍റെ പാശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കുന്നതിന് അര്‍ഹമായ ഊന്നല്‍ നല്‍കണം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചുള്ള വിദഗ്ദ്ധരുടെ ആദ്യഘട്ടവിലയിരുത്തല്‍ പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ കേരളത്തിന്‍റെ മൊത്തം മൂല്യവര്‍ധനയിലുണ്ടായ നഷ്ടം ഏകദേശം 80,000 കോടി രൂപയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നില്ലെങ്കില്‍, നഷ്ടം ഇനിയും വര്‍ദ്ധിക്കും.
ലോക്ക്ഡൗണ്‍ കാലയളവില്‍ 83.3 ലക്ഷത്തോളം വരുന്ന സ്വയംതൊഴില്‍, കാഷ്വല്‍ തൊഴിലാളികളുടെ വേതന നഷ്ടം 14,000 കോടി രൂപയാണ്. ഹോട്ടല്‍, റെസ്റ്റോറന്‍റ് മേഖലകളില്‍ യഥാക്രമം 6,000 കോടി രൂപയുടെയും, 14,000 കോടി രൂപയുടെയും നഷ്ടമുണ്ടായി. മത്സ്യബന്ധന മേഖലയും വിവരസാങ്കേതിക മേഖലയും ഗണ്യമായ തൊഴില്‍ നഷ്ടത്തിന് ഇരയായ ചില മേഖലകളാണ്.
ചെറുകിട വ്യാപാരികളെ ലോക്ക്ഡൗണ്‍ വളരെയധികം പ്രതികൂലമായി ബാധിച്ചു. വരുമാനം നിലച്ചത് ഇവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. മഹാഭൂരിഭാഗവും സ്വയം തൊഴില്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. ചെറുകിട വ്യാപാരികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ദേശീയ ദുരന്ത നിവാരണ ഫണ്ടിന്‍റെ കീഴിലുള്ള ഒരു പാക്കേജിലൂടെ ഇവരെ കേന്ദ്രസര്‍ക്കാര്‍ പിന്തുണക്കണം. അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ നിലനില്‍പ്പിന് ദേശീയതലത്തില്‍ വരുമാന സഹായ പദ്ധതി നടപ്പാക്കണം.
ലോക്ക്ഡൗണ്‍ കാര്യമായി ബാധിച്ച ചെറുകിട വ്യാപാരികള്‍ക്ക് 2 മുതല്‍ 5 ലക്ഷം വരെ വായ്പ അനുവദിക്കണം. ഈ വായ്പയുടെ പലിശ ആശ്വാസ നടപടിയായി കേന്ദ്രം വഹിക്കണം. തൊഴില്‍ സംരംഭങ്ങളിലെ തൊഴില്‍ നിലനിര്‍ത്തുന്നതിന് ഇവയ്ക്കാവശ്യമായ സബ്സിഡി നല്‍കണമെന്ന അഭ്യര്‍ത്ഥനയും പ്രധാനമന്ത്രിക്കു മുന്നില്‍ വെച്ചു.
ലോക്ക്ഡൗണ്‍ നടപടികള്‍മൂലം ചെറുകിട വ്യവസായങ്ങള്‍ക്ക് വലിയ തോതിലുള്ള നഷ്ടം സംഭവിച്ചു. ഇവ നികത്താന്‍ കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ പണമിടപാട് ഈ മേഖലയില്‍ നടക്കണമെന്നാണ് വിദഗ്ദാഭിപ്രായം. നിലവിലെ ലോണുകള്‍ക്ക് അമ്പതു ശതമാനത്തോളം പലിശ ഇളവ് നല്‍കണം. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇഎസ്ഐ വേതനം നല്‍കുന്നതിന് നടപടി സ്വീകരിക്കണം. ഇപിഎഫി ലേക്ക് വിഹിതം കൊടുക്കേണ്ട പരിധി പതിനയ്യായിരത്തില്‍ നിന്നും ഇരുപത്തിയയ്യായിരം ആയി ഉയര്‍ത്തണം.
സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും സപ്ലൈ ആവശ്യമായ രീതിയിലുണ്ടെന്ന് ഉറപ്പുവരുത്തണം. നാഫെഡും അതുപോലുള്ള മറ്റ് ഏജന്‍സികളും ഈ കാര്യത്തില്‍ അനുകൂലമായ നിലപാടെടുക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കോവിഡ്-19 ബാധയും തുടര്‍ന്ന് ലോക്ക്ഡൗണും വന്ന ഘട്ടത്തില്‍ നാം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ വിഷയം പ്രവാസികളുടേതാണ്. അവര്‍ സുരക്ഷിതമായിരിക്കുക എന്നതാണ് നമ്മുടെ മുന്തിയ പരിഗണന. പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ നിരന്തരം നടത്തുന്ന ശ്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാമല്ലോ. അതിന് ഫലമുണ്ടാകുമെന്നാണ് കരുതുന്നത്. അതുമായി ബന്ധപ്പെട്ട് പ്രവാസലോകത്തെ പ്രമുഖ മലയാളികളുമായി ഇന്നലെയും ആശയവിനിമയം നടത്തിയിരുന്നു. കേന്ദ്ര ഗവണ്‍മെന്‍റുമായി നിരന്തരം ബന്ധപ്പെടുന്നുമുണ്ട്.
വിദേശത്തുള്ളവര്‍ വരുമ്പോള്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് പരിശോധനാ സംവിധാനമുണ്ടാക്കാം എന്ന സൗകര്യമുണ്ട്. എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ധാരാളം വഴികളുണ്ട്. അതുകൊണ്ട് ഏതൊക്കെ വഴികളിലൂടെ കൊണ്ടുവരണമെന്നത് സംബന്ധിച്ച് ക്രമീകരണമുണ്ടാക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണ്ടാക്കുന്ന ക്രമീകരണങ്ങളുമായി എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചുവരുന്നവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് ഇന്നലെ വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കു തന്നെ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്കും ക്വാറന്‍റൈനും ആവശ്യമായ സജ്ജീകരണം ഒരുക്കും.
പ്രവാസികളെ പരമാവധി സഹായിക്കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്ക് നിലവില്‍ വന്നിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ www.registernorkaroots.org വെബ്സൈറ്റില്‍ ഇന്നലെ വൈകിട്ട് മുതല്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതുവരെ 2.02 ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രവാസികളെ സഹായിക്കാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫേര്‍ ഫണ്ട് ഉപയോഗിക്കണമെന്നും തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അതു ഉറപ്പാക്കും.
കോവിഡ് പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താന്‍ ജില്ലാ കലക്ടര്‍മാരോടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്. ക്വറന്‍റൈനില്‍ കഴിയുന്ന മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പറഞ്ഞത്. ഹോട്ട്സ്പോട്ട് മേഖലകളില്‍ ഭക്ഷ്യസാധനങ്ങള്‍ വീടുകളില്‍ എത്തുന്നു എന്ന് ഉറപ്പാക്കും. അതിര്‍ത്തി ജില്ലകളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാട്ടിലെ ഊടുവഴികളിലൂടെ നടന്ന് കേരളത്തിലേക്ക് ആളുകള്‍ വരുന്നത് തടയാന്‍ വനം വകുപ്പിന്‍റെ സഹായത്തോടെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
കാര്‍ഷിക ജോലികള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും പച്ചക്കറി പേലെ കേടുവന്നുപോകുന്ന സാധനങ്ങള്‍ എത്രയും വേഗം ശേഖരിച്ച് വിപണികളില്‍ എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയതോടെ ധരിക്കുന്നവരുടെ എണ്ണം കൂടി. അതോടൊപ്പം ഉപയോഗശേഷം വലിച്ചെറിയുന്ന മാസ്കുകളുടെ എണ്ണവും കൂടി. ഇങ്ങനെ അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന മാസ്കുകള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മഴ കൂടി വന്നതോടെ പ്രശ്നം ഇരട്ടിച്ചിരിക്കുകയാണ്. ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി കളയുന്നത് സമൂഹത്തോടുള്ള അപരാധമാണ്. കഴുകി സൂക്ഷിക്കാവുന്ന തുണി മാസ്ക് പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതാവും അഭികാമ്യം എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.
സംസ്ഥാനത്ത് ചരക്കുനീക്കം ഏതാണ്ട് സാധാരണ നിലയിലേക്ക് വരുന്നുണ്ട്. ഇന്നലെ 2464 ട്രക്കുകള്‍ വന്നു.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആരാഗ്യ വകുപ്പിന്‍റെ മേല്‍നാട്ടത്തില്‍ 1200 പാലിയേറ്റീവ്/കമ്യൂണിറ്റി നഴ്സുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗ ബാധിതര്‍, കിടപ്പുരോഗികള്‍, പരിചരണം ലഭിക്കാത്ത വയാജനങ്ങള്‍ തുങ്ങിയവരെ അവരുടെ വീടുകളില്‍ ചെന്ന് അവര്‍ക്കു വേണ്ട സേവനം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിവരുന്നത്. ഇവരുടെ സേവനം പ്രത്യേകം എടുത്തുപറയേണ്ടതാണ്.
കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ കാരണം വിവാഹങ്ങള്‍ മാറ്റിവെച്ച ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ചും ലളിതമായി വിവാഹം നടത്തിയവരെക്കുറിച്ചും വിവാഹത്തിനു നീക്കിവെച്ച ചെലവില്‍ ഒരുഭാഗം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവരെക്കുറിച്ചും വാര്‍ത്തകളുണ്ട്. വിവാഹിതരായവര്‍ക്ക് ആശംസകള്‍ നേരുന്നു. വിവാഹം മാറ്റിവെച്ചവര്‍ക്ക് എത്രയുംവേഗം വിവാഹിതരാകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ആറുദിവസം ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കത്തിക്കാന്‍ ആഹ്വാനം നല്‍കിയ അധ്യാപക സംഘടനയുടെ സെക്രട്ടറി ഹെഡ്മാസ്റ്ററായ തിരുവനന്തപുരം പോത്തന്‍കോട് ജിയുപി സ്കൂളില്‍ ഇന്ന് എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു സംഭവമുണ്ടായി. ആ വിദ്യാലയത്തിലെ കൊച്ചുകുട്ടികള്‍ തങ്ങള്‍ക്ക് വിഷുകൈന്നീട്ടമായും സക്കാത്തായും കിട്ടിയതും സമ്പാദ്യകുടുക്കയില്‍ നിക്ഷേപിച്ചതുമായ പതിനായിരത്തിലധികം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.