അഹമ്മദാബാദ്:മൊട്ടേരയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയതിനെച്ചൊല്ലിയുണ്ടായ വിവാദം നിലച്ചില്ല. രണ്ട് പവലിയൻ എൻഡുകൾക്ക് കോർപ്പറേറ്റ് ഗ്രൂപ്പുകളായ അദാനിയുടെയും റിലയൻസിന്റെയും പേര് നൽകിയതും വിവാദമായിട്ടുണ്ട്.
‘നാം രണ്ട്, നമുക്ക് രണ്ട്…’ എന്ന് രാഹുൽ ഗാന്ധി സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹസിച്ചതിനെത്തുടർന്നാണ് വിവാദം തുടങ്ങിയത്. അംബാനി എൻഡിലാണോ അദാനി എൻഡിലാണോ മോദി ബാറ്റ് ചെയ്യുകയെന്നായിരുന്നു അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ ചോദ്യം.
സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോർപ്പറേറ്റുകളുമായി മോദി സർക്കാരിന്റെ അടുപ്പം ചൂണ്ടിക്കാട്ടി. സർദാർ പട്ടേലിനോട് ബി.ജെ.പി. പ്രകടിപ്പിക്കുന്ന ആദരം വ്യാജമാണെന്ന് ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. ആർ.എസ്.എസിനെ നിരോധിച്ച വല്ലഭ് ഭായി പട്ടേലിനോട് ബി.ജെ.പിക്ക് ഉള്ളാലെയുള്ള ദേഷ്യം പുറത്തായെന്നായിരുന്നു പാർട്ടി വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേലിന്റെ പ്രതികരണം.
എന്നാൽ പവലിയൻ എൻഡുകൾക്ക് അദാനിയുടെയും റിലയൻസിന്റെയും പേരുകൾ നൽകിയത് കരാറിന്റെ ഭാഗമാണെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ വിശദീകരണം.250 കോടി രൂപയോളം മുടക്കി തെക്കും വടക്കുമുള്ള കോർപ്പറേറ്റ് ബോക്സുകൾ ഇരു കമ്പനികളും 25 കൊല്ലത്തേക്ക് വാങ്ങിയിട്ടുണ്ട്. ഈ കരാറിന്റെ ഭാഗമാണ് നാമകരണം.
റിലയൻസ് കോർപ്പറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് പ്രസിഡന്റും രാജ്യസഭാംഗവുമായ പരിമൾ നത്വാനി ജി.സി.എ. വൈസ് പ്രസിഡന്റ് എന്ന നിലയിൽ സ്റ്റേഡിയം നിർമാണത്തിന് മേൽനോട്ടം വഹിച്ചിരുന്നു.എന്നാൽ വരാനിരിക്കുന്ന കായികസമുച്ചയത്തിന് സർദാർ പട്ടേലിന്റെ പേര് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ന്യായീകരിച്ചു. നെഹ്റു കുടുംബത്തിനു മാത്രം സ്മാരകങ്ങൾ തീർത്തവർക്ക് പട്ടേലിനെപ്പറ്റി പറയാൻ അവകാശമില്ലെന്നും അദ്ദേഹം പരിഹസിച്ചു.