ആലപ്പുഴ: ചെങ്ങന്നൂരിൽ കിണറ്റിൽ അകപ്പെട്ട വയോധികൻ മരിച്ചു. കോടുകുളഞ്ഞി സ്വദേശി യോഹന്നാൻ (72) ആണ് മരിച്ചത്. 11 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ യോഹന്നാനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണർ വൃത്തിയാക്കുന്നതിനിടെ റിങ് ഇടിഞ്ഞുവീണാണ് വയോധികൻ കിണറ്റിനുള്ളിൽ അകപ്പെട്ടത്.
രാവിലെ ഒൻപതുമണിയോടെയാണ് അപകടം ഉണ്ടായത്. അയൽപക്കത്തെ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൻ്റെ റിങ് ഇടിഞ്ഞുവീണു യോഹന്നാൻ താഴേക്ക് പതിക്കുകയായിരുന്നു. യോഹന്നാൻ്റെ രണ്ടു കാലുകളും റിങ്ങിനിടയിൽ കുടുങ്ങിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഫലമുണ്ടാകാത്തതിനാൽ ഫയർ ഫോഴ്സിനെ അറിയിച്ചു.
ഫയർ ഫോഴ്സ് സംഘം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ചെങ്ങന്നൂരിൽനിന്ന് അർധസൈനിക വിഭാഗമായ ഐടിബിപി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാലും ഹൃദ്രോഗി കൂടിയായ യോഹന്നാൻ്റെ ആരോഗ്യവസ്ഥ കണക്കിലെടുത്തും മണ്ണും കല്ലും കിണറ്റിലേക്കു വീഴാതിരിക്കാൻ കിണറിനു ചുറ്റും മറകെട്ടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറിനു ചുറ്റം വലിയ കുഴിയുണ്ടാക്കി കിണറ്റിലെ റിങ്ങുകൾ നീക്കം ചെയ്താണ് വയോധികനെ പുറത്തെടുത്തത്.
രാത്രി എട്ടരയോടെ യോഹന്നാൻ്റെ പാതിഭാഗം കിണറിനു പുറത്തെടുത്തപ്പോഴേക്കും ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു. കാലുകൾ രണ്ടും ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നതിനാൽ ഒരുമണിക്കൂറിലധിക നേരം കൂടിയെടുത്താണ് മുഴുവനായും പുറത്തെടുക്കാനായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യോഹന്നാന് മരണം സംഭവിക്കുകയായിരുന്നു. വളരെ ദാരുണമായ സംഭവമാണ് ചെങ്ങന്നൂരിൽ ഉണ്ടായതെന്നും കുടുംബത്തിൻ്റെയും നാടിൻ്റെയും ദുഖത്തിൽ പങ്ക് ചേരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.