32.3 C
Kottayam
Tuesday, April 30, 2024

കിണറ്റില്‍ ചത്ത എലികള്‍ ആറെണ്ണം ;ആഴ്ചകള്‍ പഴക്കമുള്ള അല്‍ഫാമും ബീഫും മയോണൈസും, നാദാപുരത്ത് ഹോട്ടലുകള്‍ പൂട്ടിച്ചു

Must read

കോഴിക്കോട്‌: ആരോഗ്യ- ഭക്ഷ്യസുരക്ഷാ വകുപ്പുകൾ നാദാപുരം മേഖലയിൽ ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ കിണറ്റിൽ ചത്ത എലി, പഴകിയ ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവ കണ്ടെത്തി. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നാദാപുരം പേരോട് ഹോട്ടൽ പൂട്ടിച്ചു.

പേരോട് ടൗണിലെ അൽ മദീന ഹോട്ടൽ ആണ് അധികൃതർ പൂട്ടിച്ചത്. ഹോട്ടലിൽ നിന്നും കാലാവധി കഴിഞ്ഞ പാൽ, പഴകിയ മയോണൈസ്, അഞ്ച് കിലോ പഴകിയ പൊരിച്ച ചിക്കൻ, മൂന്ന് കിലോ പാകം ചെയ്ത ബീഫ്, രണ്ട് കിലോ പഴകിയ കാട പൊരിച്ചത് , അഞ്ച് കിലോ പഴകിയ അൽഫാം, വേവിക്കാത്തതും വൃത്തിഹീനവുമായ പഴകിയ ചിക്കൻ, പൂപ്പൽ പിടിച്ച അച്ചാറുകൾ, കിസ്മിസ്, ജ്യൂസിന് വേണ്ടി സൂക്ഷിച്ച പഴകിയതും ഫംഗസ് ബാധിച്ചതുമായ ഫ്രൂട്ട്സ്, ദിവസങ്ങളോളം പഴക്കമുള്ള പരിപ്പ് കറി എന്നിവ അൽ മദീന ഹോട്ടലിൽ നിന്നും പിടിച്ചെടുത്ത് നശിപ്പിച്ചു.

മാസങ്ങളോളം പഴക്കമുള്ള വിവിധതരം മാലിന്യങ്ങൾ അടുക്കളക്ക് സമീപം സൂക്ഷിച്ച കല്ലാച്ചിയിലെ ദോശാ ഡോ എന്ന സ്ഥാപനം മാലിന്യം പൂർണമായി നീക്കം ചെയ്തതിനുശേഷം ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം മാത്രം തുറക്കാൻ നിർദ്ദേശം നൽകി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഷവർമ ഉണ്ടാക്കി വിൽപ്പന നടത്തി വന്ന അഞ്ച് കടകൾക്ക് അധികൃതർ നോട്ടീസ് നൽകി. ഷവർമ നിർമാണത്തിൽ പാലിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് നൽകി. മേഖലയിലെ 44 സ്ഥാപനങ്ങളിൽ നിന്ന് കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് നാദാപുരം ബസ് സ്റ്റാൻഡിൽ സജ്ജീകരിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ മെഡിക്കൽ ലാബിലേക്ക് പരിശോധനക്കായി സാമ്പിളുകൾ നൽകി.

നാദാപുരം ടൗണിലെ എം ആർ എ കൂൾബാർ, ബേക്ക് പോയിന്റ് കൂൾബാർ,ഐസ് ബാർ കൂൾബാർ, സ്റ്റാൻഡ് വ്യൂ കൂൾബാർ, ഐലു ടീ സ്റ്റാൾ, മസ്കാര ബ്യൂട്ടിപാർലർ,എന്നീ സ്ഥലങ്ങളിലേക്ക് കുടിവെള്ളം ഉപയോഗിക്കുന്ന കിണറ്റിലാണ് എലി ചത്ത് കിടക്കുന്നത് പരിശോധനയിൽ കണ്ടെത്തിയത്. കിണർ വെള്ളത്തിന്റെ ഉപയോഗം ആരോഗ്യ വിഭാഗം വിലക്കി. പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ പകർച്ചവ്യാധികൾ ഉണ്ടാക്കുന്ന തരത്തിൽ വളരെ വൃത്തിഹീനപരമായ രീതിയിൽ സൂക്ഷിച്ചതിനും മാലിന്യങ്ങൾ അടുക്കളയിൽ സൂക്ഷിച്ചതിനും കക്കംവള്ളിയിലെ ആർക്കോട്ട് ബിരിയാണി എന്ന സ്ഥാപനം ശുചീകരണ പ്രവർത്തനങ്ങൾ കഴിയുന്നത് വരെ പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശിച്ചു.

പുകയില നിയന്ത്രണ നിയമം ലംഘിച്ച സ്ഥാപനങ്ങളിൽ നിന്നും പിഴയീടാക്കി നാദാപുരം, കല്ലാച്ചി മാർക്കറ്റുകളിൽ നിന്ന് മത്സ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ മത്സ്യത്തിന് ഗുണനിലവാരക്കുറവുകൾ ഇല്ല എന്ന് ബോധ്യപ്പെട്ടു. മാതൃകാ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് നാദാപുരത്ത് ആരോഗ്യ ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പരിശോധന നടന്നത്.

പരിശോധനയ്ക്ക് ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ്, നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, മൊബൈൽ മെഡിക്കൽ ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് സ്നേഹ. കെ, ലാബ് അസിസ്റ്റന്റ് സുജാത, ജെ.എച്ച്.ഐ പ്രീജിത്ത് പി. കെ. എന്നിവർ നേതൃത്വം നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week