28.9 C
Kottayam
Friday, May 17, 2024

രാജി ഭൂതം കൂടൊഴിയുന്നില്ല,ഋഷി സുനക് സര്‍ക്കാരില്‍ ആദ്യ രാജി,ഗാവിന്‍ വില്ല്യംസണ്‍ രാജിവെച്ചു

Must read

ലണ്ടന്‍: ബ്രിട്ടനില്‍ റിഷി സുനക് (Rishi Sunak) സര്‍ക്കാരില്‍ നിന്നും ആദ്യത്തെ രാജി.സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് സര്‍ക്കാരിലെ മുതിര്‍ന്ന അംഗവും റിഷി സുനകിന്റെ ഏറ്റവുമടുത്തയാളുമായ ഗാവിന്‍ വില്ല്യംസണ്‍ (Gavin Williamson) ആണ് ചൊവ്വാഴ്ച രാത്രി രാജിവെച്ചത്.

പാര്‍ലമെന്റിലെ ഒരു അംഗത്തിനെ ഗാവിന്‍ വില്ല്യംസണ്‍ ഭീഷണിപ്പെടുത്തി എന്ന് ആരോപണമുയരുകയും ടൈംസ് ഓഫ് ലണ്ടന്‍ (Times of London) ഇതിന്റെ തെളിവുകള്‍ പുറത്തുവിടുകയും ചെയ്തതിന് പിന്നാലെയായിരുന്നു രാജി.

രാജിവെച്ച കാര്യം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച കത്തിലൂടെ ഗാവിന്‍ വില്ല്യംസണ്‍ തന്നെയാണ് പുറത്തുവിട്ടത്. പോര്‍ട്‌ഫോളിയോ ഇല്ലാത്ത മന്ത്രിയായിരുന്നു വില്ല്യംസണ്‍.

നാല് ദിവസം മുമ്പായിരുന്നു, സഹപ്രവര്‍ത്തകനായ ഒരു എം.പിയെ ഭീഷണിപ്പെടുത്തിക്കൊണ്ട് വില്ല്യംസണ്‍ അയച്ച സന്ദേശം ടൈംസ് ഓഫ് ലണ്ടന്‍ പുറത്തുവിട്ടത്.വില്ല്യംസണ്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഒരവസരത്തില്‍ തങ്ങളെ കൊല്ലുമെന്ന് പോലും പറഞ്ഞെന്നും ഒരു മുതിര്‍ന്ന സിവില്‍ സെര്‍വന്റ് ആരോപിച്ചു.

സന്ദേശങ്ങള്‍ക്ക് താന്‍ ക്ഷമാപണം ചോദിച്ചിരുന്നെന്നും ഇതേക്കുറിച്ചുള്ള അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും വില്ല്യംസണ്‍ രാജിക്കത്തില്‍ വ്യക്തമാക്കി.എന്നാല്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു.

”ഈ അവകാശവാദങ്ങളുടെ സ്വഭാവം ഞാന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ഈ ആരോപണങ്ങള്‍ ബ്രിട്ടീഷ് ജനതക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നുണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു.

അതിനാല്‍ ഗവണ്‍മെന്റില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതുവഴി പരാതികളിന്മേല്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാനും ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കാനും കഴിയും,” വില്ല്യംസണ്‍ രാജിക്കത്തില്‍ പറഞ്ഞു.

പാര്‍ട്ടി ഗേറ്റ് വിവാദവും റിഷി സുനക് അടക്കമുള്ള മന്ത്രിമാര്‍ രാജി വെക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇക്കഴിഞ്ഞ ജൂലൈയില്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചത്. ഇതിന് പിന്നാലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റിഷി സുനകിനെ പിന്തള്ളി ലിസ് ട്രസ് പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍ സാമ്പത്തിക നയങ്ങളില്‍ വലിയ വിമര്‍ശനമുയരുകയും തുടര്‍ച്ചയായി മന്ത്രിമാര്‍ രാജി വെക്കുകയും ചെയ്തതോടെ അധികാരമേറ്റ് 45 ദിവസത്തിനുള്ളില്‍ ലിസ് ട്രസും രാജി വെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റിഷി സുനക് പ്രധാനമന്ത്രിയായി അധികാരമേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week