News

പ്രതിരോധ പോരാട്ടത്തെ ബാധിക്കും; സംസ്ഥാനങ്ങള്‍ കൊവിഡ് മരണം കൃത്യമായി ഓഡിറ്റ് ചെയ്യണമെന്ന് എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: കൊവിഡ് അനുബന്ധ മരണം സംബന്ധിച്ച കണക്കുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നത് വൈറസിനെതിരേയുള്ള രാജ്യത്തിന്റെ പ്രതിരോധ പോരാട്ടത്തെ ബാധിക്കുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വിവിധ സംസ്ഥാനങ്ങള്‍ കൊവിഡ് മരണം കുറച്ചു കാണിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് ഗുലേറിയയുടെ പ്രതികരണം.

രാജ്യത്തിന്റെ പ്രതിരോധ പോരാട്ടത്തെ ബാധിക്കുമെന്നതിനാല്‍ കൊവിഡ് മരണത്തിന്റെ വ്യക്തമായ കണക്കുകള്‍ ലഭിക്കാന്‍ സംസ്ഥാനങ്ങളും ആശുപത്രികളും മരണങ്ങള്‍ ഓഡിറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണ കാരണം എന്താണെന്ന് അറിയാനും മരണ നിരക്ക് എങ്ങനെ പിടിച്ചുനിര്‍ത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കണക്കുകള്‍ ആവശ്യമാണ്. ഇതിനായി സംസ്ഥാനങ്ങളും ആശുപത്രികളും കോവിഡ് മരണം ഓഡിറ്റ് ചെയ്യണം.

കൃത്യമായ വിവരങ്ങള്‍ കൈവശമില്ലെങ്കില്‍ മരണ നിരക്ക് കുറയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ഗുലേറിയ വ്യക്തമാക്കി. വൈറസിന്റെ ജനിതക മാറ്റവും രോഗത്തിനെതിരായുള്ള പ്രതിരോധത്തിലെ വീഴ്ചയുമാണ് ഇന്ത്യയിലും ആഗോള തലത്തിലും കൊവിഡ് തരംഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണം. വൈറസിന് ജനിതക മാറ്റം സ്വഭാവികമാണ്.

രോഗികളുടെ എണ്ണവും മരണ സംഖ്യയും വര്‍ധിക്കുന്നതിനിടയിലും ആളുകളുടെ ശ്രദ്ധക്കുറവാണ് വൈറസിന്റെ അടുത്ത തരംഗത്തിന് വഴിവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോവിഡ് ബാധിച്ചാലും ആരോഗ്യ സ്ഥിതി ഗുരുതരമാകാതെ സംരക്ഷണം നല്‍കാന്‍ വാക്‌സിന് സാധിക്കും.

കോവിഷീല്‍ഡ് ഡോസ് സ്വീകരിക്കേണ്ട ഇടവേള സംബന്ധിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുന്നുണ്ട്. 12-13 ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നതാണ് ഉചിതമെന്നാണ് നിലവിലെ വിലയിരുത്തല്‍. പുതിയ പഠനങ്ങള്‍ വരുമ്പോള്‍ ഇതില്‍ മാറ്റമുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button