കൊറോണ വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍
വാഷിങ്ടണ്‍: കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനു മുറവിളി ഉയരുന്നതിനിടെ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈന. വുഹാനിലുള്ള വൈറോളജി ലാബില്‍ നിന്നാണു കൊറോണ വൈറസ് ചോര്‍ന്നതെന്ന ആരോപണത്തില്‍ അന്വേഷണവുമായി അമേരിക്ക മുന്നോട്ടുപോകുന്നതിനിടെയാണു ചൈനീസ് ശാസ്ത്രജ്ഞര്‍ വീണ്ടും ‘വവ്വാല്‍ സിദ്ധാന്ത’വുമായി രംഗത്തെത്തിയത്.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ വവ്വാലുകളില്‍ കൊറോണ വൈറസിന്റെ എത്ര വകഭേദങ്ങളുണ്ടെന്നും അവയില്‍ എത്രയെണ്ണം മനുഷ്യരിലേക്കു പടരാന്‍ ശേഷിയുള്ളതാണെന്നും ഗവേഷണത്തില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു. 24 വൈറസ് വകഭേദങ്ങള്‍ വവ്വാലുകളില്‍ കണ്ടെത്തിയതില്‍ നാലെണ്ണം സാര്‍സ് കോവ്-2 കൊറോണ വൈറസിനോടു സാമ്യമുള്ളതാണ്. ഷാന്‍ഡോങ് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് സെല്‍ ജേണലിലാണു പ്രസിദ്ധീകരിച്ചത്. കാട്ടുവവ്വാലുകളുടെ മൂത്രം, കാഷ്ഠം വായില്‍നിന്ന് എടുത്ത സ്രവം എന്നിവയാണു പരിശോധനാവിധേയമാക്കിയത്.
വൈറസ് വകഭേദങ്ങളിലൊന്ന് ഇപ്പോള്‍ മനുഷ്യരില്‍ പടരുന്നതുമായി അതീവസാമ്യമുള്ളതാണ്. സമാനമായ വൈറസ് വകഭേദം 2020 ജൂണില്‍ തായ്ലാന്‍ഡിലും കണ്ടെത്തിയിരുന്നതായി ചൈനീസ് ഗവേഷകര്‍ പറയുന്നു. അതിനിടെ വൈറസിന്റെ ഉത്ഭവകേന്ദ്രം വുഹാന്‍ ലബോറട്ടറിയാണെന്ന പാശ്ചാത്യകേന്ദ്രങ്ങളുടെ വാദം അബദ്ധജഡിലമെന്നു ചൈന ആവര്‍ത്തിച്ചു. വൈറസ്ഉത്ഭവം സംബന്ധിച്ച അന്വേഷണത്തില്‍ ചൈനയുടെ സഹകരണംതേടിയ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ചൈനീസ് കേന്ദ്രങ്ങള്‍.
യു.എസ്. കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചിലര്‍ ചൈനയെ പ്രതിക്കൂട്ടിലാക്കി യുക്തിരഹിതമായ കഥകള്‍ മെനഞ്ഞു പ്രചരിപ്പിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് െചെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദേശകാര്യ കമ്മിഷന്‍ തലവന്‍ യാങ് ജിയേഷി പറഞ്ഞു. തായ്വാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതീവശ്രദ്ധയോടെവേണം കൈകാര്യം ചെയ്യാനെന്നു ബ്ലിങ്കനെ ജിയേഷി ഉപദേശിക്കുകയും ചെയ്തു.