കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മലപ്പുറത്ത് കുതിരയോട്ട മത്സരം; തടിച്ചുകൂടിയത് ആയിരങ്ങള്‍

മലപ്പുറം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മലപ്പുറത്ത് കുതിരയോട്ട മത്സരം. പ്രോട്ടോക്കോള്‍ ലംഘിച്ച് മത്സരം നടത്തിയതിന് ജില്ലാ ഹോഴ്‌സ് റൈഡേഴ്‌സ് കൂട്ടായ്മാ ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂട്ടിലങ്ങാടി എംഎസ്പി മൈതാനത്ത് മത്സരം കാണാനായി ആയിരങ്ങളാണ് തടിച്ചുകൂടിയത്. 200 പേര്‍ക്കു മാത്രം അനുവാദമുണ്ടായിരുന്നിടത്താണ് മുന്‍കരുതലുകള്‍ കാറ്റില്‍പ്പറത്തി ജനക്കൂട്ടം എത്തിയത്.

ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതോടെ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന്റെ നിര്‍ദേശപ്രകാരം മലപ്പുറം സിഐ എ പ്രേംജിത്ത് നേരിട്ടെത്തി മത്സരങ്ങള്‍ നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി രണ്ടു റൗണ്ട് മത്സരങ്ങളാണ് നടത്താനുദ്ദേശിച്ചിരുന്നതെങ്കിലും ആദ്യ റൗണ്ട് മത്സരം മാത്രം നടത്തി വിജയികളെ തിരഞ്ഞെടുത്തു.

ഇന്നലെ രാവിലെ മുതല്‍ തന്നെ കൂട്ടിലങ്ങാടി മൈതാനത്തേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. അന്യ ജില്ലകളില്‍ നിന്നുള്ളള്‍പ്പെടെ വാഹനങ്ങളില്‍ ആളുകളെത്തിയതോടെ പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കൂട്ടിലങ്ങാടിയിലും കാവുങ്ങലിലും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കൊവിഡ് മാനദണ്ഡപ്രകാരമുള്ള സാമൂഹിക അകലം പാലിക്കാതെ മത്സരം നടത്തിയതിന് സംഘാടക സമിതി ഭാരവാഹികളായ ആറ് പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News