അജ്ഞാതവാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സയും നഷ്ടപരിഹാരവും; പദ്ധതിയ്ക്ക് അന്തിമരൂപമായി

തിരുവനന്തപുരം: അജ്ഞാതവാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇതിനായി ഇന്‍ഷുറന്‍സില്‍ നിന്നു നിശ്ചിത ശതമാനം മാറ്റിവെക്കും. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കെല്ലാം ഈ സൗജന്യത്തിന് അര്‍ഹതയുണ്ട്. തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 0.1 ശതമാനം വര്‍ധന വരുത്തിയാണ് നഷ്ടപരിഹാരം നല്‍കുക.

ദേശീയപാതാവിഭാഗം വിവിധ സേവനങ്ങള്‍ക്ക് സെസ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരത്തില്‍ സ്വരൂപിക്കുന്ന തുകയില്‍ നിന്നാകും നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നല്‍കുക. എല്ലാ വാഹന ഇന്‍ഷുറന്‍സ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെച്ച് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കും. അധികപ്രീമിയം ഈടാക്കാനും കമ്പനികള്‍ക്ക് അനുമതി നല്‍കും.

ആശുപത്രികള്‍ ചികിത്സ നിഷേധിക്കാന്‍ പാടില്ല. ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനസര്‍ക്കാരുകളുടെ സഹായത്തോടെ നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് പിന്നീട് സര്‍ക്കാര്‍ തുക നല്‍കും. ഇതിനായി കാഷ്ലെസ് സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News