ഇടുക്കിയില്‍ നാലുപേരെ ഇടിച്ചിട്ട കാര്‍ അജ്ഞാതര്‍ കത്തിച്ചു

കുഞ്ചിത്തണ്ണി: റോഡരികില്‍ നിന്ന നാലു പേരെ ഇടിച്ചിട്ട കാറിന് രാത്രിയില്‍ അജ്ഞാതര്‍ തീയിട്ടു. ഇരുപതേക്കര്‍ നെല്ലിക്കാട്ടിലാണ് സംഭവം. നെല്ലിക്കാട് സ്വദേശി മണിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കത്തിനശിച്ചത്.

കാര്‍ ഇടിച്ചു പരുക്കേറ്റ നെല്ലിക്കാട് കുന്നുംപുറത്ത് അജി (42), നിത്യ (30), ആര്‍.കണ്ണന്‍ (40), മൂലക്കട വാഴയില്‍ സുധാകരന്‍ (55) എന്നിവര്‍ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മണിയാണ് അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത്. മണിയും അജിയും തമ്മില്‍ മുന്‍പും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് രാജാക്കാട് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും മണിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അപകടശേഷം സമീപത്തെ ഏലത്തോട്ടത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ അര്‍ധരാത്രിയോടെ അജ്ഞാതര്‍ കത്തിക്കുകയായിരുന്നു.

മനഃപൂര്‍വം കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നെന്ന് പരുക്കേറ്റവര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് മണിക്കെതിരെ കേസ് എടുത്തതായി രാജാക്കാട് സിഐ എച്ച്.എല്‍.ഹണി പറഞ്ഞു. വാഹനം കത്തിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News