KeralaNews

ആലപ്പുഴ ജില്ലയിലെ ഈ താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴ: ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും താലൂക്കിൽ ശക്തമായ തുടരുന്ന സാഹചര്യത്തിലും നാളെ (ജൂൺ 27) ചേർത്തല താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും കൂടാതെ ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല.

കേരളത്തില്‍ കാലവര്‍ഷം കനത്തു. എല്ലാ ജില്ലകളിലും മഴ പെയ്യുന്നുണ്ട്. പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ ജില്ലകളിലും കൂടുതല്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ബാക്കി യെല്ലോ അലേര്‍ട്ടും. മരങ്ങള്‍ കടപുഴകി വീണ സംഭവങ്ങള്‍ നിരവധിയാണ്. വീടുകള്‍ ഭാഗമായി തകര്‍ന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. മലയോരത്തെ ചിലയിടങ്ങളില്‍ യാത്രാ നിരോധനം പ്രഖ്യാപിച്ചു. മലപ്പുറം നിലമ്പൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

മൂന്നാറില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ തുറന്നിട്ടുണ്ട്. നദീ തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കടല്‍തീരങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

തിരുവനന്തപുരം കരിക്കകത്ത് ഫാം ജങ്ഷന് സമീപം നാല്‍പതോളം വീടുകളില്‍ വെള്ളം കയറി. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടെ വീട് ഈ ഭാഗത്താണ്. മഴ ശക്തമാകുന്ന ഘട്ടത്തില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. മരച്ചുവട്ടില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. വൈദ്യുതി ലൈനുകള്‍ വീണു കിടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അപകടകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വേഗത്തില്‍ അധികൃതരെ അറിയിക്കണം.

അമ്പലപ്പുഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇടുക്കി ഏലപ്പാറയ്ക്ക് സമീപം സുബ്ബയ്യയുടെ വീടിന് മുകളില്‍ മരം വീണു. ദേവികുളത്ത് കരിങ്കല്‍ഭിത്തി തകര്‍ന്ന് വീടിന് കേടുപാടുണ്ടായി. മൂന്നാറില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളില്‍ നിന്ന് 40 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

പൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. അലിയാര്‍ പള്ളിയില്‍ റോഡിലേക്കും വെള്ളം കയറി. ജില്ലയിലെ തീരദേശത്താണ് മഴ ശക്തമായി തുടരുന്നത്. പൊന്നാനി മേഖലയില്‍ 20ഓളം വീടുകളില്‍ വെള്ളം കയറി. ചില കുടുംബങ്ങള്‍ സ്വമേതയാ മാറി താമസിച്ചു.

തിരുവനന്തപുരം പള്ളിപ്പുറത്ത് വീട് ഭാഗികമായി തകര്‍ന്നു. സിആര്‍പിഎഫ് ക്യാമ്പിനടുത്തുള്ള റിയാസിന്റെ വീടാണ് തകര്‍ന്നത്. റിയാസും ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ പെട്ടെന്ന് ഒഴിഞ്ഞ് മാറിയതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.

കോഴിക്കോട് നാദാപുരത്ത് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ആവോലത്ത് കൂടേന്റവിട ചന്ദ്രമതിയുടെ വീടിന് മുകളിലാണ് മരം വീണത്. ആര്‍ക്കും പരിക്കില്ല.പൊരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. നേരത്തെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പുറമെയാണിത്. ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണിത്. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും മഴ കെടുതിയുണ്ടായിട്ടുണ്ട്. സഞ്ചാര നിയന്ത്രണവും ജില്ലയുടെ ചില ഭാഗങ്ങളിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker