ചെറുപുഴ: മാതാപിതാക്കളുടെ സ്ഥാനത്തു നിന്നു തങ്ങളെ പരിചരിച്ച വീട്ടുജോലിക്കാരനെ മക്കള്‍ അദ്ദേഹത്തിന്റെ മരണശേഷം കുടുംബകല്ലറയില്‍ തന്നെ അടക്കി. പുളിങ്ങോം രാജഗിരി സെയ്ന്റ് അഗസ്റ്റ്യന്‍ പള്ളിയിലെ കളപ്പുരയ്ക്കല്‍ കുടുംബത്തിന്റെ കല്ലറയില്‍ മാതാപിതാക്കളുടെ കല്ലറയിലാണ് വീട്ടുജോലിക്കാരനായിരുന്ന ദേവസ്യയുടെ (71)മൃതദേഹം കുടുംബം അടക്കിയത്.
പരേതരായ കളപ്പുരയ്ക്കല്‍ മൈക്കിളിന്റെയും ഭാര്യ ത്രേസ്യാമ്മയെയും അടക്കം ചെയ്തിരിക്കുന്നതും ഇതേ കല്ലറയിലാണ്. ഇവരുടെ 10 മക്കളും ചേര്‍ന്നാണ് തങ്ങളുടെ കുടുംബാംഗം പോലെയായിരുന്ന ദേവസ്യയെ ഇതേ കല്ലറയില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. ക്രിസ്ത്യന്‍ രീതി പ്രകാരം മാതാപിതാക്കളെയും മക്കളെയും ഒരു കല്ലറയില്‍ അടക്കുമെങ്കിലും മറ്റുള്ളവരെ അടക്കാറില്ല.
കൊവിഡ് ബാധിച്ച് മരിച്ച ദേവസ്യയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കരിച്ചത്. കഴിഞ്ഞദിവസം കോഴിക്കോട് ആശുപത്രിയില്‍ വെച്ചാണ് ദേവസ്യ (71) മരിച്ചത്. നടുവില്‍ സ്വദേശിയായ ദേവസ്യ നന്നെ ചെറുപ്പത്തില്‍ ഇവരുടെ വീട്ടില്‍ ജോലിക്ക് വന്നതായിരുന്നു.
പിന്നീട് വീട്ടുകാരുടെ പ്രിയപ്പെട്ടവനായ ദേവസ്യ ക്രമേണ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ദേവസ്യാപ്പിയായി. ഏഴുകൊല്ലംമുമ്പ് ത്രേസ്യാമ്മ മരിച്ചശേഷം മൈക്കിളും ദേവസ്യയും മാത്രമായി. രണ്ടുകൊല്ലം മുമ്പ് മൈക്കിളും മരിച്ചതോടെ ദേവസ്യയും തനിച്ചായി. ദേവസ്യയെ നന്നായി നോക്കണമെന്ന് മൈക്കിള്‍ മരണവേളയില്‍ മക്കളെ പറഞ്ഞേല്‍പ്പിച്ചിരുന്നു.
അവിവാഹിതനായ ദേവസ്യ മൈക്കിളിന്റെ കാലശേഷം കുറച്ചുകാലം ഈ വീട്ടില്‍ താമസിച്ചിരുന്നെങ്കിലും തനിച്ചുള്ള താമസം ബുദ്ധിമുട്ടായപ്പോള്‍ താബോറിലെ സ്നേഹഭവനിലേക്ക് മാറ്റി. പിന്നീട് കരുവന്‍ചാലിലെ അഗതിമന്ദിരത്തില്‍ പ്രത്യേകം മുറിതന്നെ ഒരുക്കി കുടുംബം ഇദ്ദേഹത്തെ സംരക്ഷിച്ചു. മാസംതോറും 10,000 രൂപയും ചെലവിനായി നല്‍കിയിരുന്നു.
പലവിധ രോഗങ്ങള്‍ അലട്ടിയപ്പോള്‍ കണ്ണൂര്‍ തണല്‍ സ്നേഹവീട്ടിലേക്ക് മാറ്റി. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരിച്ചു. കുടുംബക്കല്ലറയില്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം സംസ്‌കരിക്കാന്‍ മക്കളായ ജോണി, മേഴ്സി, സോഫിയ, പൊന്നമ്മ, ഡെയ്സി, രാരിച്ചന്‍, ഷാജി, ബെനോച്ചന്‍, ബിനോയി, മിനിമോള്‍ എന്നിവര്‍ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു.