KeralaNews

സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്നു; നാല് മാസത്തിനിടെ 1225 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1225 പോക്‌സോ കേസുകള്‍. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് 184 കേസുകളാണ് കഴിഞ്ഞ നാല് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്ത് 140 കേസുകളും രജിസ്റ്റര്‍ ചെയ്തു. കൊല്ലം0 119, തൃശൂര്‍ 119, കോഴിക്കോട് 105 എന്നിങ്ങനെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.

കൊവിഡ് മഹാമാരിക്ക് മുമ്പ് 2019 ല്‍ സംസ്ഥാനത്താകെ 3609 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020 ല്‍ രജിസ്റ്റര്‍ ചെയ്തത് 3019 കേസുകളാണ്. ഈ രണ്ട് വര്‍ഷങ്ങളിലും തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ പോക്‌സോ കേസുകളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് കഴിഞ്ഞ നാല് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1225 പോക്‌സോ കേസുകള്‍ ആണെന്നുള്ളത് ശ്രദ്ധേയമായ വിഷയമാണ്. ലോക്ക്ഡൗണ്‍ മൂലം വീഡുകളില്‍ തന്നെയാണ് കുട്ടികള്‍ കഴിയുന്നത്. എന്നിട്ടുപോലും അവര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുറയുന്നില്ല എന്നത് തീര്‍ത്തും ലജ്ജാകരമായ വസ്തുതയാണ്.

2021 ഏപ്രില്‍ വരെയുള കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 572 കേസുകളാണ്. പോക്‌സോകേസുകളില്‍ പകുതിയും ഇത്തരം പീഡനങ്ങള്‍ ആണെന്നുള്ളതാണ് ഞെട്ടിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തില് 2019 ല്‍ 1149 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോക്‌സോ കേസുകളുടെ വര്‍ധനവ് ആശങ്കയുണര്‍ത്തുന്നത് കുട്ടികളുടെ സുരക്ഷിതത്വമാണ്.

പോലീസിന്റെ കണക്കുകള്‍ പ്രകാരം കുട്ടികള്‍ മാത്രമല്ല സ്ത്രീകളും സംസ്ഥാനത്തില്‍ സുരക്ഷിതരല്ല. കഴിഞ്ഞ നാല് മാസത്തിനിടെ 4707 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ വീട്ടില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളുടെ പേരില്‍ 1080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ വരെ 787 പീഡന കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് 1807 ആയിരുന്നു, നിലവിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കിന്റെ പകുതിയിലധികം കേസുകള്‍ ഈ വര്‍ഷം ഏപ്രി മാസം വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button