കൊച്ചി: കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 23 വരെയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അതേസമയം, കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന് വാദിച്ചു. ഏതു കേസിലാണ് ചോദ്യം ചെയ്യലെന്ന നോട്ടീസ് പോലും കസ്റ്റംസ് നല്‍കിയിരുന്നില്ല. അറസ്റ്റിനുള്ള ശ്രമമാണ് കസ്റ്റംസ് നടത്തിയത്. നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരായതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ കോടതിയില്‍ നല്കാന് തയാറാണെന്ന് കസ്റ്റംസ് അറിയിച്ചു. 23നകം തെളിവുകള്‍ ഹാജരാക്കുമെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ, ഇ.ഡി കേസിലും ശിവശങ്കറിന്റെ അറസ്റ്റ് 23വരെ കോടതി തടഞ്ഞിരുന്നു.