കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവം; നഴ്‌സിംഗ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേതാണ് നടപടി. എറണാകുളം മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാ വീഴ്ചയില്‍ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത്.

മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന് നഴ്സിംഗ് ഓഫീസര്‍ വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഫോര്‍ട്ടുകൊച്ചി സ്വദേശി സി.കെ ഹാരിസിന്റെ മരണം ഓക്സിജന്‍ ലഭിക്കാതെയാണെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണം. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കുമായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചതെന്നും സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.

പല രോഗികളുടേയും ഓക്സിജന്‍ മാസ്‌ക് പോലും ശരിയായിട്ടല്ല വയ്ക്കുന്നത്. ചെറിയ വീഴ്ച കൊണ്ട് പല രോഗികളും മരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ സംരക്ഷിച്ചതുകൊണ്ടാണ് നടപടിയുണ്ടാകാതിരുന്നത്. ഇതിന് മുന്‍പും ചികിത്സാ പിഴവുണ്ടായിട്ടുണ്ടെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News