കലോത്സവം ആർഭാടങ്ങളുടെ വേദിയാക്കരുത്, പരാജയം ഉൾക്കൊള്ളാൻ മാതാപിതാക്കൾ മക്കളെ സജ്ജരാക്കണം- ഹൈക്കോടതി
കൊച്ചി: കലോത്സവം ആർഭാടങ്ങളുടെ വേദിയാക്കരുത്. അനാരോഗ്യകരമായ മത്സരങ്ങൾ നടക്കുന്നുണ്ട്. കഴിവുണ്ടായിട്ടും അനേകം പാവപ്പെട്ട കുട്ടികൾക്ക് കലോത്സവത്തിന് പങ്കെടുക്കാനാകുന്നില്ലെന്നും ഹൈക്കോടതി. സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി മൂന്നിന് കോഴിക്കോട് ആരംഭിക്കാനിരിക്കേയാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.
കലോത്സവത്തിനിടെ അപകടമുണ്ടായാൽ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് കോടതി നിർദേശം നൽകി. മത്സരാർത്ഥികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തിലുള്ള സംഘാടനമായിരിക്കണം ഉണ്ടാകേണ്ടതെന്നും കോടതി വ്യക്തമാക്കി.
കലോത്സവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കോടതി നിർദേശങ്ങൾ നൽകി. വിജയം പോലെതന്നെ പരാജയത്തെയും ഉൾക്കൊള്ളാൻ മക്കളെ സജ്ജരാക്കണം. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുകയെന്നതാണ് പ്രധാനം. രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേയ്ക്ക് തള്ളിവിടാൻ സാദ്ധ്യതയുണ്ട്. ദരിദ്ര ചുറ്റുപാടുകളിൽ നിന്നുവരുന്ന പല കുട്ടികൾക്കും ഭാരിച്ച ചെലവുകൾ താങ്ങാൻ കഴിയാറില്ല. അപ്പീലുകളുമായി എത്തുന്ന രക്ഷിതാക്കൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജില്ലാ കലോത്സവങ്ങളിലെ വിധിനിർണയം ചോദ്യം ചെയ്തുള്ള അപ്പീലുകൾ തള്ളിയതിനെതിരെ നിരവധി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ ഹർജികൾ പരിശോധിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജികൾ കൂട്ടത്തോടെ ഹൈക്കോടതി തള്ളി.